Connect with us

Kerala

കണ്ണൂര്‍ കോര്‍പ്പറേഷനാകും; പുതുതായി 27 മുനിസിപ്പാലിറ്റികള്‍

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കാനും പുതിയ 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപഞ്ചായത്തുകളും രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ച് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ 15 ദിവസം സമയം അനുവദിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. ഇതോടെ സംസ്ഥാനത്ത് കോര്‍പറേഷനുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ആറാകും. മുനിസിപ്പാലിറ്റികളുടെ എണ്ണം 87 ഉം ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 1011ഉം ആയി ഉയരും.
ഒക്‌ടോബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. പുതുതായി രൂപവത്കരിക്കപ്പെട്ട പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ അതിരുകള്‍ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, അര്‍ബന്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ആരോഗ്യസെക്രട്ടറി കെ ഇളങ്കോവന്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ ശശിധരന്‍ നായര്‍ ചെയര്‍മാനുമാണ്.
2013ല്‍ 23 ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായി മാറുകയോ നഗരസഭകളുമായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്‌തെങ്കിലും ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണ് രൂപവത്കരിക്കപ്പെട്ടത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയും പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ കണ്ണൂര്‍ കോര്‍പറേഷന്‍.
കഴക്കൂട്ടം (തിരുവനന്തപുരം), കൊട്ടാരക്കര (കൊല്ലം), പന്തളം (പത്തനംതിട്ട), ഹരിപ്പാട് (ആലപ്പുഴ), ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട (കോട്ടയം), കട്ടപ്പന (ഇടുക്കി), പിറവം, കൂത്താട്ടുകുളം (എറണാകുളം), വടക്കാഞ്ചേരി- മുണ്ടത്തിക്കോട് (തൃശൂര്‍), വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂര്‍ (മലപ്പുറം), പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് (പാലക്കാട്), കൊടുവള്ളി, മുക്കം, രാമനാട്ടുകര- ഫറോക്ക്, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍, പയ്യോളി, ഏലത്തൂര്‍- തലക്കുളത്തൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്), കീഴൂര്‍ ചാവശ്ശേരി, പാനൂര്‍, ആന്തൂര്‍ (കണ്ണൂര്‍) എന്നിവയാണ് പുതുതായി വരുന്ന മുനിസിപ്പാലിറ്റികള്‍.

Latest