Connect with us

National

രാജപക്‌സെയെ പരാജയപ്പെടുത്താന്‍ ഇന്ത്യ പ്രവര്‍ത്തിച്ചതായി ആരോപണം

Published

|

Last Updated

കൊളംബോ/ ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ പരാജയപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചതായി ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ രജപക്‌സെയെ പുറത്താക്കാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഇടപെട്ടുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് റോയുടെ കൊളംബോ സ്റ്റേഷന്‍ മേധാവിയെ ശ്രീലങ്ക പുറത്താക്കുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം നിഷേധിച്ചു. കൊളംബോ സ്റ്റേഷന്‍ മേധാവിയെ മാറ്റിയത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നാണ് മന്ത്രാലയ വക്താവ് പറഞ്ഞത്.
രജപക്‌സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നതില്‍ ഇന്ത്യക്കുണ്ടായ കടുത്ത ആശങ്കയുടെ അടിസ്ഥാനത്തിലാണ് മൂന്നാം വട്ടവും രജപക്‌സെ അധികാരത്തില്‍ വരുന്നത് തടയാന്‍ ഇന്ത്യ ഇടപെട്ടതെന്നാണ് ആരോപണം. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് കഴിഞ്ഞ വര്‍ഷം രണ്ട് ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് ശ്രീലങ്ക തീരത്ത് താവളമുറപ്പിക്കാന്‍ അനുമതി നല്‍കിയതോടെ ആശങ്ക വര്‍ധിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനക്ക് കൂടുതല്‍ പിന്തുണയുണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് റോ ഏജന്റിനെ തിരിച്ചുവിളിക്കാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പൊതു പ്രതിപക്ഷത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതായിരുന്നു റോ ഏജന്റിന്റെ ജോലിയെന്ന് ശ്രീലങ്കയിലെ സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സിരിസേനയുമായി റോ ഉദ്യോഗസ്ഥന്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. രാജപക്‌സെയുടെ പക്ഷത്തു നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുന്നതിന് ഏജന്റ് സഹായിച്ചു. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുമായി റോ എജന്റ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സിരിസേനയുടെ വിജയം ഉറപ്പാക്കുന്നതിനായി റനില്‍ വിക്രമസിംഗെ ഉള്‍പ്പെടെയുള്ളവരെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിച്ചതായും ആരോപണമുണ്ട്. നിലവില്‍ പ്രധാനമന്ത്രിയാണ് റനില്‍ വിക്രമസിംഗെ.
മൂന്നാം തവണയും വിജയം ഉറപ്പിച്ച് മത്സരരംഗത്തിറങ്ങിയ രജപക്‌സെ, പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മൈത്രിപാല സിരിസേനയോട് പരാജയപ്പെടുകയായിരുന്നു. സിരിസേന പ്രസിഡന്റായതോടെ ശ്രീലങ്ക ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നതായാണ് സൂചന. പ്രസിഡന്റ് എന്ന നിലയില്‍ ആദ്യ വിദേശ യാത്ര ഇന്ത്യയിലേക്കായിരിക്കുമെന്ന സൂചനയും സിരിസേന നല്‍കിയിട്ടുണ്ട്. വിജയം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സിരിസേനയെ അഭിനന്ദിക്കാനെത്തിയത്. ആരോപണങ്ങളുടെ യാഥാര്‍ഥ്യം അറിയില്ലെന്നാണ് രജപക്‌സെ ഇതിനോട് പ്രതികരിച്ചത്. ആരോപണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാറും വ്യക്തമാക്കി.