Connect with us

Ongoing News

നൃത്തവേദിയില്‍ നാഗര്‍ഷ് നിറഞ്ഞു; നെടുവീര്‍പ്പുകള്‍ നടനമാക്കി

Published

|

Last Updated

കോഴിക്കോട്: ഭരതനാട്യ വേദിയില്‍ ചുവടുവെച്ച് തുടങ്ങുമ്പോള്‍ നാഗര്‍ഷിന് ശരീരത്തിന്റെ അവശതകളൊന്നും പ്രശ്‌നമായിരുന്നില്ല. മത്സരത്തില്‍ ഈ ഒമ്പതാം ക്ലാസുകാരന്‍ നേടിയ എ ഗ്രേഡിന് ഒന്നാം സ്ഥാനത്തേക്കാള്‍ തിളക്കമേറിയത് സഹനവും സമര്‍പ്പണവും ഒരേപോലെ ആ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുകൊണ്ടായിരുന്നു.
തൃശൂര്‍ കഴിമ്പ്രം വി പി എം എസ് എന്‍ ഡി പി സ്‌കൂള്‍ വിദ്യാര്‍ഥിയായ നാഗര്‍ഷ് മൂന്ന് മാസം മുമ്പ് മാത്രമാണ് അപ്പന്റിക്‌സ് രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായത്. ഡോക്ടര്‍മാര്‍ രണ്ടു മാസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചതുകൊണ്ട് ജില്ലാതലത്തില്‍ മത്സരിക്കുമ്പോള്‍ വേണ്ട വിധത്തില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും ഉപജില്ലാ മത്സരത്തിന് സ്‌കൂള്‍ അധികൃതര്‍ നേരിട്ട് അയക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ശരീരം തടിച്ചത് ശ്വാസതടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് മത്സരത്തെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തില്‍ നാഗര്‍ഷ് എ ഗ്രേഡോടെ മുന്‍വിധികള്‍ക്കു മറുപടി നല്‍കി.
നാഗര്‍ഷിന്റെ നൃത്തച്ചെലവുകളുടെ ഒരു ഭാഗം വഹിക്കുന്നത് പഠിക്കുന്ന സ്‌കൂളാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ച ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയില്‍ എ ഗ്രേഡ് നേടിയിരുന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് നടേശന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ മകനെ നൃത്താഭ്യാസത്തിനയച്ചിരുന്നു. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വില മകന്റെ ചുവുടുകളെ ദൃഢമാക്കി. ഇന്നു നടക്കുന്ന നാടോടി നൃത്തത്തിലും നാഗര്‍ഷ് മത്സരിക്കുന്നുണ്ട്. ഗിരീഷ് വലപ്പാടും സൂരജുമാണ് ഗുരുക്കന്മാര്‍.