Connect with us

National

ബിഹാറില്‍ ഗ്രാമത്തിന് നേരെ ആക്രമണം; മൂന്ന് മരണം

Published

|

Last Updated

മുസാഫര്‍പൂര്‍: അന്യമതസ്ഥയായ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മുസാഫര്‍പൂരിലെ മൂന്നംഗ കുടുംബത്തെ ചുട്ടുകൊന്നു. പത്തോളം വീടുകള്‍ അഗ്നിക്കിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫര്‍പൂരിലെ ബഹില്‍വാഡ ഭുവല്‍ ഗ്രാമത്തിലുണ്ടായ അക്ര സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് കെ കെ മിശ്ര അറിയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രദേശത്ത് അഞ്ച് കമ്പനി അധിക സേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ബിഹാര്‍ മിലിട്ടറി പോലീസ് (ബി എം പി) എ ഡി ജി പി ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ഞായറാഴ്ച രാത്രി മുതല്‍ മുസാഫര്‍പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കനത്ത സുരക്ഷയാണ് അക്രമബാധിത പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ മാഞ്ചി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍കുമാറിനും എ ഡി ജി പി പാണ്ഡേക്കുമാണ് അന്വേഷണച്ചുമതല. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. തകര്‍ക്കപ്പെട്ട വീടുകള്‍ പുനഃസ്ഥാപിക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായം നല്‍കും. ഡല്‍ഹിക്ക് പുറപ്പെട്ടിരുന്ന മുഖ്യമന്ത്രി പരിപാടികള്‍ റദ്ദ് ചെയ്ത് പാറ്റ്‌നയില്‍ തിരിച്ചെത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടിയതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായതെന്ന് ബീഹാര്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ അതുല്‍ പ്രസാദ് പറഞ്ഞു. യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ സംഘടിച്ചെത്തിയവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ ആരോപണവിധേയനായ വിക്കി എന്നയാളുടേതടക്കം പത്തോളം വീടുകള്‍ക്ക് തീയിട്ടു. പതിനഞ്ചോളം വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതിനിടയിലാണ് ഒരു കുടുംബത്തിലെ മൂന്നു പേരും വെന്തുമരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവ സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അനുപം കുമാര്‍, എസ് എസ് പി മിശ്ര എന്നിവരുടെ നേതൃത്വത്തിലാണ് കലാപ സാധ്യത അമര്‍ച്ച ചെയ്തത്. ഇരു വിഭാഗത്തിലും പെട്ടവരുമായി സംസാരിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തു. ചില സാമൂഹികവിരുദ്ധ സംഘങ്ങള്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും കുറ്റക്കാരെന്നുകണ്ട ഒരാളെയും വെറുതെ വിടില്ലെന്നും എ ഡി ജി പി ഗുപ്‌തേശ്വര്‍ പാണ്ഡേ അറിയിച്ചു.

Latest