Connect with us

Sports

സിറ്റിയെ വീഴ്ത്തി ആഴ്‌സണല്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത അടിയേറ്റു. സ്വന്തം തട്ടകത്തില്‍ അവര്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. 24താം മിനുട്ടില്‍ കസോള പെനാല്‍റ്റിയിലൂടെ മുന്നിലെത്തിച്ചു. ജിറൂദ് 67താം മിനുട്ടില്‍ ലീഡ് ഇരട്ടിയാക്കി. ഒന്നാംസ്ഥാനത്ത് 52 പോയിന്റുമായി കുതിക്കുന്ന ചെല്‍സിയുമായുള്ള സിറ്റിയുടെ അകലം അഞ്ച് പോയിന്റായി വര്‍ധിച്ചു. ആഴ്‌സണല്‍ 39 പോയിന്റോടെ അഞ്ചാം സ്ഥാനത്ത്.
ട്രാന്‍സ്ഫര്‍ കാലം
ജനുവരി മാസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് ട്രാന്‍സ്ഫര്‍ കാലമാണ്. സീസണ്‍ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ പുതിയ കളിക്കാരെ ടീമിലെത്തിച്ച് ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള അവസാന അവസരം. ജനുവരി മൂന്നിന് തുറന്ന ട്രാന്‍സ്ഫര്‍ ജാലകം ഫെബ്രുവരി രണ്ടിന് അടയും. കളിക്കാരെ വായ്പാടിസ്ഥാനത്തില്‍ മറ്റ് ക്ലബ്ബുകള്‍ക്ക് വിറ്റുകൊടുത്ത് കാശുണ്ടാക്കിയ ആഴ്‌സണലും ചെല്‍സിയും ലിവര്‍പൂളും പുതിയ താരത്തെ ഇനിയും സ്വന്തം പാളയത്തിലെത്തിച്ചിട്ടില്ല. ജര്‍മന്‍ താരം ലുകാസ് പൊഡോള്‍സ്‌കി, യായ സനോഗോ, മാറ്റ് മാസെ എന്നിവരെ ആഴ്‌സണല്‍ വായ്പക്ക് കൊടുത്തപ്പോള്‍ ബെനിക് അഫോബെയെ വോള്‍വര്‍ഹാടന്‍ വാണ്ടറേഴ്‌സിന് വിറ്റു. പൊഡോള്‍സ്‌കിയെ ഇറ്റലിയിലെ ഇന്റര്‍മിലാനാണ് ലോണില്‍ വാങ്ങിയത്.ചെല്‍സിയാണ് വലിയ തോതില്‍ പണസമാഹരണം നടത്തിയത്.
സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസിനെ എ സി മിലാന് വിറ്റപ്പോള്‍ ലെവിസ് ബാര്‍കര്‍, ടോഡ് കാന്‍, ജോണ്‍ സ്വിഫ്റ്റ്, അലെക്‌സ് കിവോമിയ, തോമസ് കലാസ് താരങ്ങളെ ലോണില്‍ വിട്ടു കൊടുത്തു.സുസോ സാഞ്ചസിനെ മിലാനും ഒസാമ അസെയ്ദിയെ അല്‍ അഹ്‌ലി ക്ലബ്ബിനും വിറ്റ ലിവര്‍പൂള്‍ കെവിന്‍ സ്റ്റുവര്‍ട്, ലോയ്ഡ് ജോണ്‍സ്, ജാക് ഡന്‍ എന്നിവരെ ലോണില്‍ കൊടുത്തും കാശുണ്ടാക്കി. മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് കളിക്കാരെ ലോണില്‍ കൊടുത്തിട്ട് സ്വാന്‍സിയ സിറ്റി സ്‌ട്രൈക്കര്‍ വില്‍ഫ്രഡ് ബോണിയെ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില്‍ക്കാനുള്ള കളിക്കാരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ബാഴ്‌സയുടെ ഗോളിയായിരുന്ന വിക്ടര്‍ വാല്‍ഡസ് യുനൈറ്റഡിലെത്തി.