Connect with us

Kerala

പട്ടിക്കൂട് സംഭവം: ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പേരൂര്‍ക്കട ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പട്ടിക്കൂട്ടിലടച്ചുവെന്ന് ആരോപണമുന്നയിച്ച അഭിഷേകിന്റെ ജാതി, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടെ 20ഓളം പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കുട്ടി എസ് സി വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി (ക്രിസ്ത്യന്‍ ചേരമര്‍)യില്‍ ഉള്‍പ്പെട്ടതാണ് അഭിഷേക് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടിയെ പട്ടിക്കൂട്ടിലടച്ചിട്ടുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലീസാണ് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടു വരേണ്ടതെന്ന് കമ്മീഷന്‍ പറയുന്നുണ്ട്. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാര്യവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്‌കൂളിലെ പ്രശ്‌നം സംബന്ധിച്ച് ഒരു വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഇതുകൂടാതെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ പറയുന്നുണ്ട്.
ജവഹര്‍ സ്‌കൂളിലെ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എം എല്‍ എ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് ബാലാവകാശ കമ്മീഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ നസീര്‍ ചാലിയം പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ 25നാണ് എല്‍ കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം നടന്നത്. ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകുന്നത് ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ തുറന്നെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീണ്ടും പൂട്ടുകയായിരുന്നു.

Latest