Connect with us

National

കല്‍ക്കരി അഴിമതി; മന്‍മോഹനെ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. കേസില്‍ നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ രണ്ട് ദിവസം മുമ്പ് സിംഗിന്റെ വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സി ബി ഐ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഇങ്ങനെയൊരു ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്നാണ് മുന്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറി പറയുന്നത്. കേസില്‍ ഈ മാസം 27 ന് മുമ്പായി നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സി ബി ഐ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.
തലാബിറ രണ്ട് കല്‍ക്കരി പാടം ഹിന്‍ഡാല്‍ക്കോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിക്കുമ്പോള്‍ ഹിന്‍ഡാല്‍ക്കോക്ക് ചട്ടവിരുദ്ധമായി കല്‍ക്കരി പാടം അനുവദിച്ചുവെന്നാണ് കേസ്. പാടം അനുവദിക്കണമെന്ന് കാണിച്ച് വ്യവസായി കുമാര്‍ മംഗലം ബിര്‍ള 2005 മെയ് ഏഴിനും 2005 ജൂണ്‍ 17നും അന്നത്തെ പ്രധാന മന്ത്രിയായ മന്‍മോഹന്‍ സിംഗിന് കത്തയച്ചിരുന്നു. ഇതിന് പിറകേ കല്‍ക്കരി മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും നടന്ന സംഭവ വികാസങ്ങളാണത്രേ സിംഗിനോട് ആരാഞ്ഞത്. കല്‍ക്കരി കേസില്‍ സി ബി ഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക സി ബി ഐ ജഡ്ജ് ഭരത് പരാശര്‍ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.