Connect with us

Kerala

സര്‍ക്കാരിന് തിരിച്ചടി; മദ്യനയം വികലമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യുഡല്‍ഹി: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നിശിതമായ വിമര്‍ശം. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചു. ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിധി. ഹരജി തള്ളിയ കോടതി, സര്‍ക്കാറിന്റെ മദ്യനയത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്തു. ഹൈക്കോടതി നിര്‍ദേശിച്ച പത്ത് ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. വികലമായ മദ്യനയമാണ് സര്‍ക്കാറിന്റെതെന്ന് കോടതി നിരീക്ഷിച്ചു. ഫൈവ് സ്റ്റാറുകള്‍ക്ക് അനുമതി നല്‍കാമെങ്കില്‍ ഫോര്‍ സ്റ്റാറുകളെ ഒഴിവാക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ വിധികള്‍ നടപ്പാക്കാതെ എപ്പോഴും സുപ്രീം കോടതിയെ സമീപിക്കുന്നത് നല്ല പ്രവണതയല്ലെന്ന് വ്യക്തമാക്കിയ കോടതി, സര്‍ക്കാറിന്റെ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനും നിര്‍ദേശിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ഇത് മറികടന്ന സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പുതിയ ലൈസന്‍സ് നല്‍കാനുള്ള മദ്യനയം കേട്ടുകേള്‍വിയില്ലാത്തതും അപ്രായോഗികവുമാണ്. അംഗീകരിക്കാന്‍ കഴിയാത്ത നയമാണിത്. പക്ഷപാതപരവും ഏകപക്ഷീയവുമാണ് സര്‍ക്കാറിന്റെ നയം. ഇതുമായി ബന്ധപ്പെട്ട് പലതും കോടതിക്ക് പറയാനുണ്ട്. എന്നാല്‍, ഈ ഘട്ടത്തില്‍ മനഃപൂര്‍വം പറയാതിരിക്കുകയാണ്. വളരെ അത്ഭുകരമായ കാര്യങ്ങളാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ നിന്ന് കോടതിയലക്ഷ്യ നടപടി തടയണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
ഹരജി പരിഗണനക്ക് എടുത്തപ്പോള്‍ തന്നെ തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാറിന്റെ മദ്യനയം വിശദീകരിക്കാന്‍ അഭിഭാഷകന്‍ മുതിര്‍ന്നുവെങ്കിലും കൂടുതല്‍ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. സര്‍ക്കാറിന് വേണമെങ്കില്‍ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ഉള്‍പ്പെടുന്നതാണ് അനുകൂല വിധി നേടിയ പത്ത് ബാറുകള്‍. ഒരു ഫോര്‍ സ്റ്റാറും ഒമ്പത് ത്രി സ്റ്റാറുമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നേടിയത്.

---- facebook comment plugin here -----

Latest