Connect with us

National

പത്മാ പുരസ്‌കാരം: അദ്വാനിയും ബാബാ രാംദേവും അമൃതാനന്ദമയിയും പട്ടികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള പട്ടികയില്‍ ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, എല്‍ കെ അഡ്വാനി എന്നിവര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ സമ്മാനിക്കുന്ന പത്മ പുരസ്‌കാരങ്ങളില്‍ മാതാ അമൃതാനന്ദമയിയും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, രജനീ കാന്ത് എന്നിവരും പട്ടികയിലുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനും പത്മ പുരസ്‌കാരം ലഭിക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങളില്‍ ബി ജെ പിയുടെ ആശയ സുഹൃത്തുക്കളും സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളും തലങ്ങും വിലങ്ങും കടന്നു വരുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്ന സാധ്യതാ പട്ടിക.
148 പേരുടെ പട്ടികയില്‍ അഡ്വാനിയും ബാദലും മാത്രമാണ് രാഷ്ട്രീയ നേതാക്കളായിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയെ കൂടാതെ നാല് പേര്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡോ. കെ പി ഹരിദാസ്, ഡോ. ഗോപിനാഥ് ബാലകൃഷ്ണന്‍ നായര്‍, ഡോ. സി ജി കൃഷ്ണദാസ് നായര്‍, സുപ്രീം കോടതി അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എന്നിവരാണ് പുരസ്‌കാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഞായറാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബി ജെ പിയുടെ പരസ്യ പ്രചാരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച സഞ്ജയ് ലീലാ ബന്‍സാലി, ഗാനരചയിതാവും പരസ്യ വിദഗ്ധനുമായ പ്രസൂണ്‍ ജോഷി എന്നിവര്‍ക്കും പത്മ പുരസ്‌കാരം നല്‍കും. നടന്‍ സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സാലിം ഖാനും പത്മാ സമ്മാനിതനാകും. ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മോദിക്കായി പ്രവര്‍ത്തിച്ചിരുന്നു.
കായിക രംഗത്ത് നിന്ന് ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാരാ സിംഗ്, ബാറ്റ്മിന്‍ഡന്‍ താരം പി വി സിന്ധു, ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ശശി കിരണ്‍ കൃഷ്ണന്‍, ഗുസ്തി താരം സുശീല്‍ കുമാര്‍, അദ്ദേഹത്തിന്റെ പരിശീലകന്‍ സത്പാല്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരപ്പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. സാമ്പത്തിക രംഗത്തു നിന്ന് നിതി ആയോഗ് അംഗം ബിബേക് ഡെബ്രോയ്, മാധ്യമ പ്രവര്‍ത്തകരായ രജത് ശര്‍മ, സ്വപന്‍ ദാസ്ഗുപ്ത, ഹരി ശങ്കര്‍ വ്യാസ്, അന്തരിച്ച നടന്‍ പ്രാണ്‍ എന്നിവരും പട്ടികയിലുണ്ട്.
ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി, കെ എസ് ബാജ്‌പൈ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു. കൃഷി- സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ് എന്നിവരും പരിഗണനയിലുണ്ട്.