Connect with us

Kerala

നാദാപുരം: അക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം- കാന്തപുരം

Published

|

Last Updated

കോഴിക്കോട്: നാദാപുരത്തെ അക്രമസംഭവങ്ങളെക്കുറിച്ച് നീതിപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. സി പി എം പ്രവര്‍ത്തകന്‍ സുബിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. എന്നാല്‍ ഇതേത്തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളില്‍ നിരപരാധികളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും സമ്പാദ്യങ്ങളും വസ്തുവകകളും നശിപ്പിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ല. ഏതെങ്കിലും അക്രമികളുടെ ദുഷ്‌ചെയ്തികള്‍ക്ക് നിരപരാധികളായ സാധാരണക്കാര്‍ ഇരയാകുന്നത് പൊറുക്കാനാകില്ല.
ഇത്തരം ശ്രമങ്ങള്‍ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്തുകയും രാജ്യത്ത് അരാജകത്വത്തിനും അസമാധാനത്തിനും വഴിവെക്കുകയും ചെയ്യുമെന്നതിനാല്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ജാഗ്രത പാലിക്കുകയും വേണം. കൊല നടത്തിയവരെയും കൊള്ളയും കൊള്ളിവെപ്പും അക്രമങ്ങളും നടത്തിയവരെയും കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.
കൂടാതെ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടതിലൂടെ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കാനും സ്വത്തു, സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടുകയും വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.