Connect with us

Kerala

പദ്ധതിയുടെ പേരില്‍ പാഴായത് ലക്ഷങ്ങള്‍; കറുത്ത പൊന്നിന്റെ ഉത്പാദനം കുറയുന്നു

Published

|

Last Updated

കണ്ണൂര്‍ :കുരുമുളക് കൃഷി പുനരുദ്ധാരണത്തിനും വികസനത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കുരുമുളക് പുനരുദ്ധാരണ പദ്ധതി ലക്ഷ്യം കണ്ടില്ല. വിളവെടുപ്പിനുള്ള കാലത്ത് പോലും ആവശ്യമായ കുരുമുളക് ശേഖരിക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഴിയാത്തതാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി ഗുണപ്രദമായില്ലെന്ന വിമര്‍ശത്തിനിടയാക്കിയത്. രോഗം ബാധിച്ചതും ഉത്പാദനം കുറഞ്ഞതുമായ വള്ളികള്‍ നീക്കം ചെയ്ത് നല്ലയിനം കുരുമുളക് വള്ളികള്‍ വച്ച് പിടിപ്പിക്കുക, ജൈവരാസ വളങ്ങള്‍, ജൈവ കീടനാശിനികള്‍, ജൈവിക നിയന്ത്രണോപാധികള്‍ തുടങ്ങിയവ ഉറപ്പു വരുത്തുക, വിള വിസ്തൃതി വ്യാപനമുണ്ടാക്കുക തുടങ്ങിയവയെല്ലാമടങ്ങുന്ന വന്‍ പദ്ധതിയാണ് പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതിനായി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവിട്ടത്.

സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മുഖാന്തിരം 2005 നവംബര്‍ മുതലാണ് ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്തു. കുരുമുളക് വള്ളികള്‍ മുറിച്ച് മാറ്റി അത്യുത്പാദന ശേഷിയുള്ളവ നട്ട് പിടിപ്പിച്ച് തോട്ടം പരിപാലിക്കുന്നതിനായി ഹെക്ടര്‍ ഒന്നിന് 15000 രൂപയാണ് ആദ്യഘട്ടം ധനസഹായം നല്‍കിയത്. ഈ വര്‍ഷം അത് 20000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ആദ്യ വര്‍ഷങ്ങളില്‍ കുരുമുളക് കൃഷിയുണ്ടായതിനേക്കാള്‍ വലിയ കുറവാണ് ഓരോ വര്‍ഷവുമുണ്ടായത്. പദ്ധതി നടപ്പാക്കിയ ആദ്യവര്‍ഷം 7930 ഹെക്ടര്‍ കൃഷി വ്യാപനമുണ്ടായത് രണ്ടാമത്തെ വര്‍ഷം 22049.52 ഹെക്ടറായി വര്‍ധിച്ചു. എന്നാല്‍ പദ്ധതി നടപ്പാക്കിയതിന്റെ ആറാമത്തെ വര്‍ഷമായ 2014ല്‍ പദ്ധതിയുടെ ഭൗതിക നേട്ടം 850.060 ഹെക്ടറായി കുറയുകയായിരുന്നു. 2008ലുള്ളതിനേക്കാള്‍ (3052.52172)സാമ്പത്തിക നേട്ടം കഴിഞ്ഞ വര്‍ഷം 127.48625 ആയി കുറയുകയും ചെയ്തു. വയനാട് പോലുള്ള ജില്ലകളില്‍ പദ്ധതിയുടെ ഗുണം കാര്യമായി ലഭിച്ചില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
കുരുമുളക് പുനരുദ്ധാരണത്തിന്റെ പേരില്‍ വേണ്ടത്ര ആലോചനകളില്ലാതെ നടപ്പാക്കുന്ന നടപടികള്‍ വയനാടന്‍ കുരുമുളകിന് ഭീഷണിയാവുകയായിരുന്നു. അന്യസംസ്ഥാനത്തുനിന്ന് കൃത്രിമമായി തയ്യാറാക്കിയ കുരുമുളക് തൈകള്‍ വന്‍തോതില്‍ ജില്ലയില്‍ എത്തിച്ചതാണ് വിളവിന് തിരിച്ചടിയായത്. കേരളത്തിന്റെ കുരുമുളക് വിപണിയില്‍ത്തന്നെ വയനാടന്‍ എന്നപേരില്‍ പ്രസിദ്ധിയാര്‍ജിച്ചതാണ് ജില്ലയുടെ സ്വന്തം ഇനങ്ങള്‍.
ഇത്തരം ഇനങ്ങള്‍ പരമ്പരാഗത തോട്ടത്തില്‍ നിന്ന് താവരണ വള്ളിത്തലകള്‍ ശേഖരിച്ച് വ്യാപിപ്പിക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വയനാടിന് ആവശ്യം. എന്നാല്‍ ഇത് നടപ്പാക്കാനായില്ല. താങ്ങുകാലുകള്‍ക്കുണ്ടായ രോഗബാധയും കുരമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കുരുമുളക് വള്ളി പടര്‍ത്തുന്ന മുരിക്കിന് ഇലചുരുട്ടല്‍ രോഗം ബാധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവ കൂട്ടത്തോടെ നശിച്ചിരുന്നു. പിന്നീട് സില്‍വര്‍ ഓക്ക് മരങ്ങളിലാണ് കര്‍ഷകര്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സില്‍വര്‍ ഒക്ക് മരങ്ങള്‍ ഉള്‍പ്പടെയുള്ളവ കര്‍ഷകര്‍ വ്യാപകമായി മുറിച്ചുവില്‍ക്കാന്‍ തുടങ്ങിയതോടെ കുരുമുളക് തോട്ടങ്ങള്‍ തരിശായി മാറുകയും ചെയ്തു. പുനരുദ്ധാരണ പദ്ധതി പ്രകാരം ഇതിനൊരു പരിഹാരം കാണാന്‍ കൃഷി വകുപ്പിന് കഴിഞ്ഞിരുന്നില്ല. കാലാവസ്ഥാ മാറ്റം മുഖേന ഇടുക്കിയിലുണ്ടായ ഉത്പാദനക്കുറവ് പരിഹരിക്കാനും പദ്ധതിക്ക് കഴിഞ്ഞില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്നത് ഇടുക്കി, വയനാട് ജില്ലകളിലാണ്. വയനാട്ടിലെ കുരുമുളകിന്റെ ഇപ്പോഴത്തെ പങ്ക് 5500 -6000 ടണ്‍ ആണ്. ഇടുക്കിയില്‍ സീസണില്‍ 20000 ടണ്‍ വരെ ഉത്പാദനമുണ്ട്. കയറ്റുമതിക്കുള്ള കുരുമുളക് ആവശ്യത്തിന് ലഭ്യമല്ലെന്ന അവസ്ഥയുമുണ്ട്. ഇവിടങ്ങളിലെ കുരുമുളക് ഉത്പാദനത്തില്‍ ഏറിയപങ്കും ഇടത്തരം ചെറുകിട കര്‍ഷകരില്‍ നിന്നുള്ളതാണ്. അതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 750 രൂപയോളമുണ്ടായിരുന്ന കുരുമുളകിന്റെ വില 630ല്‍ താഴെ എത്തിനില്‍ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. വിളവെടുപ്പ് സമയമായതോടെ കുരുമുളക് വിലയിലുണ്ടായ തകര്‍ച്ചയാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ കിലോയ്ക്ക് 615 രൂപ രേഖപ്പെടുത്തിയ കുരുമുളകിന് മെയ് അവസാനത്തോടെ 110 രൂപ വര്‍ധിച്ച് 730ആകുകയായിരുന്നു. ഏപ്രിലിനു മുമ്പുള്ള അഞ്ചുമാസത്തിനിടെ 150 രൂപ വര്‍ധിച്ചപ്പോള്‍ ഇതിനുശേഷമുള്ള രണ്ടുമാസത്തിനിടെയാണ് 110 രൂപയുടെ അവിശ്വസനീയ വര്‍ധനയുണ്ടായത്. പിന്നീട് ഇത് താഴ്ന്ന് 560 ല്‍ എത്തിനില്‍ക്കുകയാണ്‌