Connect with us

Kerala

തന്നെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് മാണി

Published

|

Last Updated

തിരുവനന്തപുരം: തന്നെ തേജോവധം ചെയ്യാന്‍ മനപ്പൂര്‍വമായ ശ്രമം നടക്കുന്നതായി ധനമന്ത്രി കെ എം മാണി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചതാണ്. മദ്യനിരോധനത്തിന് താനാണ് കാരണമെന്ന രീതിയിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 50 വര്‍ഷക്കാലത്തെ തന്റെ പൊതുജീവിതം തുറന്ന പുസ്തകമാണ്. പാലാക്കാര്‍ക്ക് തന്നെ അറിയാമെന്നും മാണി പറഞ്ഞു. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുതെന്ന് പറയുന്നത് പ്രതിപക്ഷം എത്രത്തോളം അധഃപ്പതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു.

എല്ലാകാലത്തും ധനമന്ത്രിമാര്‍ നികുതി കൂട്ടുകയും കുറക്കുകയും ചെയ്യാറുണ്ട്. താന്‍ കുറക്കുമ്പോള്‍ മാത്രം അത് കോഴവാങ്ങിയാണെന്ന് പറയുന്നത് ശരിയല്ല. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അത് സമയമാവുമ്പോള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest