Connect with us

Kerala

പിള്ളയെ പിന്തുണച്ച് പിണറായിയും വി എസും

Published

|

Last Updated

കൊല്ലം: അഴിമതിക്കെതിരെ ശബ്ദിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെയും പി സി ജോര്‍ജിനെയും തള്ളിപ്പറയാതെ പിണറായിയും വി എസും. ബാലകൃഷ്ണ പിള്ള അഴിമതി ആരോപണം ഉന്നയിച്ചാല്‍ എങ്ങനെ തെറ്റെന്ന് പറയാന്‍ സാധിക്കുമെന്നും പിള്ള തെറ്റ് ചെയ്‌തെന്ന് യു ഡി എഫ് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകുമെന്നും പിണറായി ചോദിച്ചു. കൊല്ലത്ത് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിള്ളയുടെ കാര്യത്തില്‍ യു ഡി എഫിന്റെ തീരുമാനം വന്നതിന് ശേഷം എല്‍ ഡി എഫിന്റെ തീരുമാനം പറയാമെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിള്ളയെ അനുകൂലിച്ചാണ് സംസാരിച്ചത്. അഴിമതിക്കെതിരെ ആര് നിലപാടെടുത്താലും അംഗീകരിക്കുമെന്ന് വി എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിള്ളയുടെ ഇക്കാര്യത്തിലുള്ള സമീപനം എന്താണെന്ന് പരിശോധിച്ച ശേഷം യുക്തമായ തീരുമാനമെടുക്കുമെന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ പിള്ളയോ പി സി ജോര്‍ജോ വന്നാല്‍ അവരെയും പരിഗണിക്കുമെന്നും വി എസ് പറഞ്ഞു.
ബാലകൃഷ്ണ പിള്ളയെ നേരിട്ട് ഇടതു മുന്നണിയില്‍ എടുക്കുന്നത് ധൃതിപിടിച്ചു വേണ്ടെന്നും മറിച്ച് അഴിമതിക്കെതിരെ നിലപാടെടുത്ത പിള്ളക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമെന്നും കൊല്ലത്ത് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പിണറായിയും വി എസും പിള്ളയുടെ നിലപാടുകളോട് യോജിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കാന്‍ തയ്യാറായത്. ഇടമലയാര്‍ കേസില്‍ പിള്ളക്കെതിരെ നിയമപോരാട്ടം നടത്തിയ വി എസ്, അദ്ദേഹത്തെ തള്ളാതെ രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.