Connect with us

National

ഇന്ത്യയില്‍ വ്യവസായത്തിന് തടസ്സങ്ങളേറെ: ഒബാമ

Published

|

Last Updated

ന്യൂഡല്‍ഹി: ചുവപ്പ് നാട മുറിച്ചുമാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ വ്യവസായത്തില്‍ ഏര്‍പ്പെടാന്‍ ഇപ്പോഴും തടസ്സങ്ങളേറെയുണ്ടെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. നിങ്ങളെ പോലെയുള്ള വ്യവസായികളില്‍ നിന്ന് നിരന്തരം കേള്‍ക്കുന്ന പരാതിയാണ് ഇതെന്നും ഇന്തോ- യു എസ് സി ഇ ഒ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഒബാമ പറഞ്ഞു.
അമേരിക്കയുടെ ഇറക്കുമതിയില്‍ രണ്ട് ശതമാനമാണ് ഇന്ത്യയില്‍ന നിന്നുള്ളത്. അമേരിക്കന്‍ കയറ്റുമതിയില്‍ ഇന്ത്യയിലേക്ക് ഒരു ശതമാനവുമാണ്. അതായത് 100 കോടി ജനങ്ങള്‍ക്ക് ഒരു ശതമാനം. 10000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയുമായി അമേരിക്ക നടത്തുന്നത്. അതേസമയം, ചൈനയുമായി 56000 കോടി ഡോളറിന്റെ വ്യാപാരം നടത്തുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ തകര്‍ക്കാനാകാത്ത ബന്ധമുണ്ടെന്നും എന്നാല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.
ഇന്ത്യയില്‍ സര്‍ക്കാര്‍ പിന്തുണയോടെ 400 കോടി ഡോളര്‍ നിക്ഷേപം നടത്തും. ഇതില്‍ 100 കോടി അമേരിക്കയില്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ കയറ്റുമതിക്കാണ് ഉപയോഗിക്കുക. മറ്റൊരു നൂറ് കോടി ഡോളര്‍ ഗ്രാമീണ പ്രദേശങ്ങളില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉപയോഗിക്കും. 200 കോടി ഡോളറിന്റെ നിക്ഷേപം പുതുക്കാവുന്ന ഊര്‍ജ മേഖലയിലായിരിക്കും. 50 സമ്പന്നരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി പ്രത്യേക നിക്ഷേപ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. സുസ്ഥിരവും നിശ്ചിതവുമായ നികുതി പരിഷ്‌കരണം വാഗ്ദാനം ചെയ്തു. ബൗദ്ധിക സ്വത്തവകാശ വിഷയത്തില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ നിര്‍ദേശം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മോദി അറിയിച്ചു.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യു എസ് വ്യവസായികളെ വിശ്വസിപ്പിക്കുന്നതിലാണ് മോദി ഊന്നിയത്. ഇന്ത്യക്കാരുടെ ഉപഭോഗ കഴിവ് വര്‍ധിപ്പിക്കലാണ് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യം. കയറ്റുമതി മാത്രം ലക്ഷ്യമിട്ടുള്ള ഒന്നാണ് എന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വ്യാഖ്യാനിക്കേണ്ടതില്ല. ഇന്ത്യയിലെ വ്യവസായ അന്തരീക്ഷം സുഗമമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ എല്ലാ വലിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് മേല്‍നോട്ടം വഹിക്കും. മോദി പ്രഖ്യാപിച്ചു