Connect with us

National

'ദേശീയ പതാകക്ക് ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല'

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ത്രിവര്‍ണ പതാകക്ക് സല്യൂട്ട് ചെയ്യാത്ത ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം. സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഹാമിദ് അന്‍സാരി പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാണ് വിമര്‍ശം. അതേസമയം, സല്യൂട്ട് ചെയ്യലാണ് പ്രോട്ടോകോള്‍ ലംഘനമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കി.
പ്രോട്ടോകോള്‍ അനുസരിച്ച് ദേശീയ ഗാനം ആലപിക്കുമ്പോള്‍ യൂനിഫോമിലുള്ളവരാണ് സല്യൂട്ട് നല്‍കേണ്ടത്. സാധാരണ വേഷത്തിലുള്ളവര്‍ അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടത്. റിപ്പബ്ലിക് ദിനത്തില്‍ സര്‍വസൈന്യാധിപന്‍ എന്ന നിലക്ക് രാഷ്ട്രപതി സല്യൂട്ട് നല്‍കും. എന്നാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഉപരാഷ്ട്രപതി അറ്റന്‍ഷനായി നില്‍ക്കുകയാണ് വേണ്ടത്. അതേസമയം, ഉപരാഷ്ടരപതിയാണ് അപ്പോഴുള്ള പ്രധാന വ്യക്തിയെങ്കില്‍ സല്യൂട്ട് നല്‍കണം. എന്‍ സി സി ക്യാമ്പില്‍ ഇങ്ങനെ സല്യൂട്ട് ചെയ്തിരുന്നു. പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പതാകക്ക് സല്യൂട്ട് നല്‍കുമ്പോള്‍ ഉപരാഷ്ട്രപതി അന്‍സാരി അറ്റന്‍ഷനായി നില്‍ക്കുന്ന ചിത്രം കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അങ്കം വെട്ടിയത്. വിവാദം അനാവശ്യവും നാണക്കേടുമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Latest