Connect with us

Articles

മുഖ്യമന്ത്രിക്കുപ്പായം തയ്‌ച്ചൊരാള്‍ക്ക് കാലം കരുതിവെച്ചത്

Published

|

Last Updated

കാലത്തിന്റെ ഗതിവിഗതികള്‍ ഇങ്ങനെയൊക്കെയാണ്. ചില നേരങ്ങളില്‍ അപ്രതീക്ഷിതമായി വന്നുചേരുന്ന സുഖങ്ങള്‍ അതിലും വേഗത്തില്‍ തിരികെ എടുത്തുകളയും. രാഷ്ട്രീയത്തില്‍ ഇത്തരം സാധ്യതകള്‍ സര്‍വ സാധാരണമെങ്കിലും കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമായൊരു കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിയാകാന്‍ സര്‍വധാ യോഗ്യനെന്ന് ശത്രുക്കളെകൊണ്ടു പോലും പറയിക്കുകയും അതില്‍ സ്വയം ഞെളിയുകയും ആനന്ദിക്കുകയും ചെയ്ത കെ എം മാണിയുടെ വര്‍ത്തമാനകാല ദുരന്തം നോക്കൂ. പരിണിത പ്രജ്ഞന്‍, രാഷ്ട്രീയ ഭീഷ്മാചാര്യന്‍, അതികായന്‍, ഏവര്‍ക്കും സ്വീകാര്യന്‍, കര്‍ഷക നേതാവ് എന്നിങ്ങനെ പോയി കെ എം മാണിക്ക് മേല്‍ എതിരാളികള്‍ പോലും ചൊരിഞ്ഞ വിശേഷണങ്ങള്‍. ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷവുമായി രഹസ്യ ചങ്ങാത്തം നടത്തി മുഖ്യമന്ത്രിയാകാന്‍ പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ കുഞ്ഞുമാണി നടത്തിയ അന്തര്‍ നാടകങ്ങള്‍ ഇന്ന് അങ്ങാടിപ്പാട്ടാണല്ലോ. മുഖ്യമന്ത്രിയാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ താന്‍ എന്തിന് കുറ്റം പറയണമെന്നാണ് മാണി മുമ്പ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മുമ്പ് പ്രശംസിച്ചിരുന്നവര്‍ ഇപ്പോള്‍ മാണിയെ കാട്ടുകള്ളന്‍ എന്നും ബജറ്റ് വില്‍ക്കുന്നവന്‍ എന്നൊക്കെ വിളിച്ചുകൂവുന്നു. ചിലരാകട്ടെ, പാലായിലെ വീട്ടിലേക്ക് പത്ത് രൂപ മുതലുള്ള മണിയോര്‍ഡര്‍ അയച്ചാണ് മാണിയോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ പ്രതിഷേധമായി അറിയിക്കുന്നത്. യുവതലമുറ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും മതിവരുവോളം ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പോസ്റ്റ് ചെയ്യുന്നു. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ എന്തൊക്കെയാണ് സംസ്ഥാനത്ത് സംഭവിച്ചത്.! ഒപ്പമിരിക്കുന്നവര്‍ പോലും കെ എം മാണിയുടെ രക്തത്തിനായി ദാഹിക്കുന്നു.
കോഴക്കഥകളില്‍ നായക വേഷം ലഭിച്ച മാണിയെ പിന്തുണക്കാന്‍ തയ്യാറാകാതെ ചുറ്റുംനിന്ന അടുപ്പക്കാര്‍ പോലും ഓടിയകലുന്ന കാഴ്ചയാണിപ്പോള്‍. റെക്കോര്‍ഡുകള്‍ മാത്രം രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച് മുന്നേറിയ കര്‍ഷക പാര്‍ട്ടിയുടെ കാരണവര്‍ക്ക് എവിടെയാണ് പിഴച്ചത്? കോടികളുടെ അഴിമതിക്കഥകള്‍ മാണിയുടെ പേരില്‍ ചാര്‍ത്തി നല്‍കുന്നതിന് കാര്‍മികത്വം വഹിച്ചവര്‍ ആരൊക്കെ? പണ്ട് പിന്തുണ നല്‍കിയും പ്രശംസ ചൊരിഞ്ഞും ആശ്ലേഷിച്ചവര്‍ ഇന്ന് മാണിയെ പിന്തുണയ്ക്കാന്‍ പേടിക്കുന്നത് എന്തുകൊണ്ട്? സ്വന്തം പാര്‍ട്ടിയില്‍ പോലും മാണിക്ക് മുമ്പുണ്ടായിരുന്ന സ്വീകാര്യത ഇടിഞ്ഞു തുടങ്ങിയിരിക്കുന്നുവോ? ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നു….
കര്‍ഷക പാര്‍ട്ടിക്ക് ഇത് നഷ്ടക്കണക്കുകളുടെ കാലമാണ്. എന്നും കേരള കോണ്‍ഗ്രസിന്റെ നെടുംതൂണായ റബര്‍ കര്‍ഷകരും മലയോര ജനതയും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മര്‍ദത്തിലും നട്ടംതിരിയുകയാണ്. 250 രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്ന റബറിന് ഇന്ന് വില നൂറിന് താഴെ മാത്രമായിരിക്കുന്നു. നാണ്യവിളകള്‍ക്ക് എല്ലാം സര്‍വത്ര വിലയിടിവ്. മുമ്പൊക്കെ റബര്‍ ഷീറ്റ് ദേഹത്ത് പുതച്ച് കര്‍ഷക നേതാക്കള്‍ സമരങ്ങള്‍ നടത്തി അണികളെ തൃപ്തിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് എല്ലാം സ്വന്തം കീശയിലേക്ക് മാത്രം പോരട്ടെയെന്ന ഏക ചിന്തയാണ് നേതാക്കളെ ഗ്രസിച്ചിരിക്കുന്നത്. അലക്കിത്തേച്ച് വടിപോലെ ധരിച്ചിരുന്ന ഖദറുകള്‍ക്ക് ഇന്ന് ചുളിവ് വീണു തുടങ്ങിയിരിക്കുന്നു. പ്രിയ നേതാക്കളോടുള്ള വിശ്വാസത്തിന് അണികളിലും അകല്‍ച്ചയുടെ ദൂരം കൂടിവരുന്നതായാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ദുരിതകാലത്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് ആഴങ്ങളിലേക്ക് തള്ളപ്പെടുന്ന ദുരവസ്ഥയും കര്‍ഷക ജനത നെഞ്ചുപിളര്‍ന്ന് കേള്‍ക്കുകയും കാണുകയും ചെയ്യേണ്ട ദുര്യോഗവും കാലം സമ്മാനിച്ചിരിക്കുന്നു. തങ്ങള്‍ അകപ്പെട്ട ചേറ്റുകുഴിയില്‍ നിന്നും പാര്‍ട്ടിയെയും നേതാവിനെയും രക്ഷിച്ചെടുക്കാന്‍ കൈയില്‍ രക്ഷാകവചം ഇല്ലാതെ ഉഴലുകയാണ് കര്‍ഷക പാര്‍ട്ടിയിലെ നേതാക്കളും അണികളും. ഇതായിരുന്നുവോ കര്‍ഷകരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്‌നം കണ്ട് കെ എം മാണി രൂപപ്പെടുത്തിയ അദ്ധ്വാന വര്‍ഗസിദ്ധാന്തം എന്നാണ് പുതുതലമുറയുടെ സംശയം. കാരണം, അടച്ച ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയതിന് പഴികേട്ട മാണി ഒടുവില്‍ തുറന്ന ബാറുകള്‍ പൂട്ടാതിരിക്കാനും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് അദ്ധ്വാന വര്‍ഗസിദ്ധാന്തത്തിന്റെ പൊരുളുകള്‍ ജനമറിയുന്നത്. യു ഡി എഫ് സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഓടി അലയുമ്പോള്‍ സംസ്ഥാന ഖജനാവിന്റെ താക്കോല്‍ സൂക്ഷിക്കുന്നയാളുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം പരിപാലിക്കുന്നതിന്റെ സാംഗത്യം എന്തെന്ന് അണികള്‍ക്ക് പോലും എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഇത്തരം ദുര്യോഗങ്ങള്‍ ആരിലും വന്നുചേരാമെന്ന പാഠമാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്‍കുന്നത്.
പുത്രവാത്സല്യം രാഷ്ട്രീയത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അതിനെ കുറ്റം പറഞ്ഞ് മാറ്റാനാകില്ലെന്നത് ചരിത്ര സത്യം. സംസ്ഥാനത്തെ മിക്ക പാര്‍ട്ടികളിലും രാഷ്ട്രീയത്തില്‍ മക്കള്‍ സാന്നിധ്യം പ്രകടമാണിന്ന്. കേരള കോണ്‍ഗ്രസിലെ മിക്ക ഗ്രൂപ്പുകളുടെയും അമരത്ത് പിന്‍തലമുറയുടെ സാന്നിധ്യം ഉറപ്പാക്കിയാണ് പഴയ പടക്കുതിരകള്‍ സ്ഥാനമാനങ്ങള്‍ ഒഴിയുക. ഈ കീഴ്‌വഴക്കം മാണിയുടെ പാര്‍ട്ടിയിലും ഉണ്ടായേ തീരൂ. എന്നാല്‍, ശക്തിതെളിയിച്ച് സംസ്ഥാന മുഖ്യനാകാന്‍ ശത്രുക്കളെ തന്റെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത് ഒടുവില്‍ കെ എം മാണിക്ക് വിനയാകുകയായിരുന്നു. മകന്‍ ജോസ് കെ മാണി രണ്ട് തവണയായി പാര്‍ലിമെന്റില്‍ കര്‍ഷക പാര്‍ട്ടിയുടെ തലയെടുപ്പുള്ള പ്രതിനിധിയാണ്. എന്നാല്‍ കോഴക്കേസില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം വരെ തെറിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ തന്റെ ആവനാഴിയില്‍ അവശേഷിക്കുന്നതെല്ലാം മകന്റെ കൈകളില്‍ ഭദ്രമാക്കി നല്‍കാന്‍ ആരും കൊതിക്കുന്നതുപോലെ മാണിം ആഗ്രഹിച്ചാല്‍ പഴിപറയുന്നത് അസൂയക്കാരാണെന്നേ പറയാനാകൂ.
പാര്‍ട്ടിയുടെ അമരത്തേക്ക് മകന്റെ വരവില്‍ അരയും തലയും മുറുക്കി എതിര്‍ത്ത് മാണിയുടെ എക്കാലത്തെയും ശത്രുവും അടുത്തകാലത്ത് മിത്രവുമൊക്കെയാണെന്ന് ജനം കരുതിയ പി സി ജോര്‍ജ് രംഗത്ത് എത്തി. ഇനിയും ജോസ് കെ മാണിക്കെതിരായ അലയൊലികള്‍ വിവിധ കോണുകളില്‍ നിന്ന് വന്നേക്കാം. അത് ചിലപ്പോള്‍ പൊട്ടിത്തെറികള്‍ക്കും കടിച്ചുകീറലുകള്‍ക്കും ഇടവരുത്തിയേക്കാം.
അംഗബലത്തില്‍ രണ്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യു ഡി എഫ് സര്‍ക്കാരിനെ ഒമ്പത് എം എല്‍ എമാരുടെ എണ്ണം പെരുപ്പിച്ച് കാട്ടി കെ എം മാണിയും കൂട്ടരും ആവോളം വരിഞ്ഞുമുറുക്കിയിരുന്നു. കര്‍ഷക താത്പര്യം സംരക്ഷിക്കാനോ സംസ്ഥാനത്തിന്റെ പൊതുവികസനമോ ആയിരുന്നില്ല നേതാക്കളുടെ ലക്ഷ്യം. മറിച്ച് ഭരണ സ്വാധീനത്തിന്റെ മറവില്‍ സ്വന്തം കീശ നിറയ്ക്കാന്‍ സാധ്യമായ എല്ലാ വഴികളും വെട്ടിത്തുറക്കുക. ഈ നയമാണ് ഇവരുടെതെന്ന് ജനം സംശയിക്കാന്‍ കാരണങ്ങള്‍ നിരവധി. ഒടുവില്‍ കേരളത്തിന്റെ ഒന്നാമനാകാന്‍ ആഗ്രഹിച്ച് കുപ്പായം തയ്പ്പിച്ച കര്‍ഷക നേതാവിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായ ആരിലൂടെ തിരികെപ്പിടിക്കും എന്നതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്. വരും ദിവസങ്ങളില്‍ ബാര്‍ മുതലാളിയുടെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഇനിയും മാണിയെ വരിഞ്ഞുമുറുക്കുമോ. അതോ എല്ലാം അവസാനിപ്പിച്ച് തെളിവുകള്‍ നല്‍കാതെ ഈ തിരക്കഥയിലെ നായകനും വില്ലനും ഒന്നിക്കുമോ? സാക്ഷര കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. കാലം ആര്‍ക്കൊപ്പമാണെന്നറിയാന്‍.

---- facebook comment plugin here -----

Latest