Connect with us

Kerala

പത്തനംതിട്ട, കൊല്ലം വനമേഖലകളില്‍ അനധികൃത തോക്ക് നിര്‍മാണം

Published

|

Last Updated

പത്തനംതിട്ട: കേരളത്തിലെ പ്രധാന വനമേഖലകളായ തെന്‍മല- കോന്നി ഡിവിഷന്‍ കേന്ദ്രീകരിച്ച് നാടന്‍തോക്ക് നിര്‍മിക്കുന്നതായുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വനം വകുപ്പ് അവഗണിക്കുന്നു. കോന്നി വനം ഡിവിഷനില്‍പ്പെട്ട തേക്ക്‌ത്തോട്, തണ്ണിത്തോട് , കൊല്ലം തമിഴ്‌നാട് അതിര്‍ഥി പങ്കിടുന്ന വനമേഖലയായ ആര്യങ്കാവ് ഡിവിഷനില്‍പ്പെട്ട അച്ചന്‍ കോവില്‍ , മാമ്പഴത്തറ എന്നിവിടങ്ങളില്‍ ഈറ്റക്കാടുകള്‍ കേന്ദ്രീകരിച്ചാണ് അനധികൃത തോക്ക് നിര്‍മാണം നടക്കുന്നതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍്ട്ട് നല്‍കിയിരുന്നു. കോന്നി വനം ഡിവിഷനില്‍ നിന്നും ഷാഡോ പോലീസ് ഒരു മാസത്തിനിടെ മൂന്ന് പേരെയാണ് തോക്കുമായി പിടികൂടിയിട്ടുള്ളത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം, പത്തനംതിട്ട വനമേഖലകളിലാണ് തോക്ക് നിര്‍മാണം നടക്കുന്നതെന്നാണ് കണ്ടെത്തല്‍. തമിഴ്‌നാട്-പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന കൊല്ലന്‍മാരാണ് വനത്തിനുള്ളില്‍ തോക്ക് നിര്‍മിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ നായാട്ട് സംഘമാണ് ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി, പുളിയറ എന്നിവിടങ്ങളില്‍ നിന്ന് കാല്‍നടയായി വനത്തില്‍ക്കൂടെയാണ് ഇവര്‍ കേരളത്തിലേക്ക് കടക്കുന്നത്. കോന്നി വനം ഡിവിഷനില്‍ നിന്ന് 70 കിലോ മീറ്റര്‍ മാത്രമാണ് തമിഴ്‌നാട് വനം മേഖല ഉള്‍പ്പെടുന്ന് ആര്യങ്കാവിലേക്കുള്ള ദൂരം. പകല്‍ പോലും ആനയുടെയും പുലിയുടെയും ശല്യം രൂക്ഷമായിട്ടുള്ള മേഖലയാണ് തെന്‍മല – അച്ചന്‍ കോവില്‍ -കോന്നി വനപാത. ഇതുമൂലം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പോലും ഇവടേക്ക് കടന്നു വരാറില്ല. ആദിവാസികള്‍ മാത്രമാണ് ഈ മേഖലയില്‍ കടക്കാറുള്ളത്. ഇവരാണ് കാട്ടിനുള്ളില്‍ വന്യജീവികള്‍ ചത്താല്‍ വനം വകുപ്പിനെ വിവരം അറിയിക്കുന്നത്. മൃഗവേട്ടക്ക് ഉപയോഗിക്കുന്ന ഇരട്ടക്കുഴല്‍ (ഡബിള്‍ ബാരല്‍ ) തോക്കാണ് നിര്‍മിക്കുന്നത.് ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് റൈഫിളും നിര്‍മിച്ചുനല്‍കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തോക്കിന്റെ പാത്തി നിര്‍മിക്കുന്നതിനായി തേക്ക് , ഈട്ടി, കമ്പകം എന്നിവ വനത്തില്‍ നിന്നും മുറിച്ചിട്ടുണ്ട് .

ആദിവാസികളാണ് ഈട്ടിമരങ്ങള്‍ മുറിച്ചതായുള്ള വിവരം വനം വകുപ്പിനെ അറിയിച്ചത് പരിശോധനയില്‍ മരത്തിന്റെ കാതല്‍ ഭാഗം മാത്രമാണ് കടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു.
നാടന്‍ തോക്ക് വാങ്ങാനായി തമിഴ്‌നാട്ടില്‍ നിന്നു പോലും ആവശ്യക്കാര്‍ ഇവിടെ നേരിട്ട് എത്താറുണ്ടെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ വിവരം. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വന മേഖലയിലേക്ക് കടക്കുന്ന പാതകളില്‍ കര്‍ശന പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശം വനം വകുപ്പ് അവഗണിക്കുകയാണ് ഉണ്ടായിരിക്കുന്നത്. ഈ വനമേഖലയില്‍ നിന്ന് ശബരിമലയടക്കമുള്ള ഭാഗങ്ങളിലേക്ക് എത്താമെന്നിരിക്കെ ഗുരുതരമായ സുരക്ഷാ ഭീക്ഷണിയാണ് ഉയരുന്നത്.
അച്ചന്‍കോവില്‍ വനമേഖലയില്‍ നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നായാട്ട് സംഘമാണ് ഇതെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

Latest