Connect with us

National

കോണ്‍ഗ്രസിനെ വെട്ടിലാക്കി ജയന്തി നടരാജന്റെ കത്ത് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. സോണിയാ ഗന്ധിയും രാഹുല്‍ ഗാന്ധിയും പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടെന്ന് കത്തില്‍ ആരോപിക്കുന്നു. പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വിഴിവിട്ട ഇടപെടലുകള്‍ നടത്തി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ടാണ് രാജിവയ്‌ക്കേണ്ടിവന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഒഡീഷയില്‍ വേദാന്തക്ക് പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കാന്‍ രാഹുലിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ ആദിവാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി താന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മറ്റു മന്ത്രിമാരില്‍ നിന്നും വ്യവസായികളില്‍ നിന്നും വലിയ വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ജയന്തി കത്തില്‍ പറയുന്നു.
മന്ത്രിയായിരിക്കെ ചില ഫയലുകള്‍ കാണാതായെന്നും പിന്നീട് താന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുംവരെ തന്റെ മുന്നില്‍ എത്തിയില്ലെന്നും ജയന്തി എഴുതുന്നു.
കഴിഞ്ഞ 30 വര്‍ഷമായി അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായി തുടരുന്ന തനിക്ക് കഴിഞ്ഞ 11 മാസങ്ങള്‍ നിരാശയുടേതാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. തന്നോട് എന്തിനാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഇപ്പോഴും അറിയില്ല. സംഘടനാ രംഗത്തേക്ക് മാറണമെന്ന് പറഞ്ഞാണ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ ആ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി അത് നിഷേധിച്ചു. പാര്‍ട്ടി പദവികളിലേക്ക് നിയോഗിച്ചില്ലെന്ന് മാത്രമല്ല, തന്നെ അപമാനിക്കുന്ന താരത്തിലുള്ള വാര്‍ത്തകളാണ് പിന്നീട് പുറത്തു വന്നത്. ഇതിന് പിന്നില്‍ രാഹുലിന്റെ ഓഫീസിന് പങ്കുണ്ടെന്ന് ജയന്തി സൂചിപ്പിക്കുന്നു. താന്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ സോണിയയും രാഹുലും കാണാന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വം മന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം യാതൊരു ബന്ധവും പുലര്‍ത്തിയില്ല. തമിഴ്‌നാട്ടില്‍ വാസന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമാണ് തന്റെ നിലപാട് എന്താണെന്ന് അറിയാന്‍ ബന്ധപ്പെട്ടതെന്നും ജയന്തി കത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 5ന് സോണിയാഗന്ധിക്ക് അയച്ച കത്താണ് ഒരു ദേശീയ ദിനപത്രം പുറത്തുവിട്ടത്. കത്ത് പുറത്തു വന്നതിന് പിന്നാലെ ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.