Connect with us

Kerala

കോടതിയലക്ഷ്യം: എം വി ജയരാജന് നാല് ആഴ്ച തടവ് ശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് വിശേഷിപ്പിച്ച കോടതിയലക്ഷ്യക്കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. കേസില്‍ ജയരാജന് നാല് ആഴ്ചത്തെ തടവുശിക്ഷ കോടതി വിധിച്ചു. ഹൈക്കോടതി ആറുമാസമായിരുന്നു ജയരാജന് ശിക്ഷ വിധിച്ചിരുന്നത്. ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോടതി വിധി അംഗീകരിക്കുന്നെന്ന് ജയരാജന്‍ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. കോടതി വിധി ലംഘിക്കാനുള്ള ആഹ്വാനമാണ് ജയരാജന്‍ നടത്തിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പറയാന്‍ പാടിില്ലാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയത്. ശുംഭന്‍ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ജയരാജന്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോഴെങ്കിലും മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ അറിയിച്ചു. കോടതിയലക്ഷ്യം ചെയ്തിട്ടില്ലെന്ന നിലപാടില്‍ തന്നെ ജയരാജന്‍ ഉറച്ചുനിന്നു.
പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ വിലക്കിയതിനെതിരായ ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയാണ് ശുംഭന്‍മാര്‍ എന്ന് ജയരാജന്‍ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. 2010 ജൂലായിലായിരുന്നു പ്രസംഗം. ശംഭന്‍ പ്രയോഗം നടത്തിയതിന് ഹൈക്കോടതി സ്വമേധയാ ജയരാജനെതിരെ കേസെടുത്ത് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഒരാഴ്ച അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചിരുന്നു.

Latest