Connect with us

National

'കുറഞ്ഞ ചെലവില്‍ വലിയ മാറ്റം' ; എ എ പി പ്രകടന പത്രികയായി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ എ പി പ്രകടന പത്രിക പുറത്തിറക്കി. വികസനം ഉറപ്പുവരുത്തല്‍, സ്ത്രീ സുരക്ഷ, നഗരത്തിലുടനീളം വെള്ളം, വൈദ്യുതി വിതരണം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ എ എ പി നേതാവ് യോഗേന്ദ്ര യാദവാണ് പത്രിക പ്രകാശനം ചെയ്തത്.
“വലിയ ചെലവുകളില്ലാതെ വലിയ മാറ്റം” എന്ന മുദ്രാവാക്യത്തോടെ ദരിദ്ര, ഇടത്തരം വിഭാഗങ്ങളെ കൈയിലെടുക്കാനുള്ള തരത്തിലാണ് പ്രകടന പത്രിക. ഗ്രാമത്തിലെ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ള ഗ്രാമസഭകള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഗ്രാമസഭകളുടെ അനുമതിയോടെ മാത്രമേ ഗ്രാമങ്ങളിലെ ഭൂമിയേറ്റെടുക്കാന്‍ സാധിക്കൂ. അധികാരത്തിലെത്തിയാല്‍ 15 ദിവസത്തിനകം ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കും. യമുന നദിയില്‍ മലിനപ്പെടുത്തുന്നത് തടയാന്‍ മാലിന്യസംസ്‌കരണത്തിനും വ്യവസായ മാലിന്യസംസ്‌കരണത്തിനുമാണ് മുന്‍ഗണന. മുതിര്‍ന്ന പൗരന്‍മാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേക സംവരണം ഏര്‍പ്പെടുത്തും. പരിസ്ഥതി, സ്ത്രീ വിഷയങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
നാല് മാസം കൊണ്ടാണ് പ്രകടന പത്രിക തയ്യാറാക്കിയത്. അത്തരത്തിലുള്ള ഒരു ഡല്‍ഹിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. താഴെക്കിടയിലുള്ളവരും മധ്യവര്‍ഗക്കാരും എല്ലാവരും പുരോഗമിക്കണം. സമഗ്ര ഗതാഗത നയത്തിന് ഏകീകൃത ഗതാഗത അതോറിറ്റി രൂപവത്കരിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള പൊതുഗതാഗത സൗകര്യത്തിന് പാര്‍ട്ടിക്ക് പ്രത്യേക പ്രതിബദ്ധതയുണ്ട്. സര്‍ക്കാറിന്റെ എല്ലാ ഒഴിവുകളും നികത്തും. വ്യാവസായിക മേഖലക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കും. യുവ സംരംഭകര്‍ക്ക് താഴ്ന്ന പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഭൂമിയോ മറ്റേതെങ്കിലും ഈടോ ഇല്ലാതെ സര്‍ക്കാര്‍ ജാമ്യം നിന്ന് വിദ്യാഭ്യാസ വായ്പ അനുവദിക്കും. ഡല്‍ഹിയെ ഫ്രീ വൈ ഫൈ സോണ്‍ ആക്കും. ഉത്പാദന ഹബ്ബാക്കുകയും നഗരത്തില്‍ 20 പുതിയ കോളജുകള്‍ ആരംഭിക്കുകയും ചെയ്യും.
പൂര്‍ണ സംസ്ഥാന പദവിക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്ന പ്രസ്താവന ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പിന്‍വലിക്കണം. കിരണ്‍ ബേദി ഒരു പാവ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിനാലാണ് ബി ജെ പി പ്രകടന പത്രിക പുറത്തിറക്കാത്തതെന്നും എ എ പി നേതാക്കള്‍ പറഞ്ഞു.

Latest