Connect with us

International

ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍കാരനേയും ഇസില്‍ തീവ്രവാദികള്‍ വധിച്ചു

Published

|

Last Updated

അമ്മാന്‍: ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍ പൗരനെയും ഇസില്‍ തീവ്രവാദികള്‍ വധിച്ചു. ജപ്പാന്‍ പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടൊയെ തലയറുത്ത് കൊല്ലുന്ന വീഡിയോ ദൃശ്യം ഇസില്‍ പുറത്തുവിട്ടു. തീവ്രവാദികളുടെ വെബ്‌സൈറ്റുകളും അവരോട് ആഭിമുഖ്യമുള്ള സോഷ്യല്‍ സൈറ്റുകളും ശനിയാഴ്ച രാത്രി പുറത്തുവിട്ട ദൃശ്യത്തില്‍ ഇസിലിന്റെ “അല്‍ഫുര്‍ഖാന്‍” മീഡിയയുടെ അടയാളമുണ്ട്. കെന്‍ജിയെ രക്ഷപ്പെടുത്താനുള്ള ജപ്പാന്റെ നയതന്ത്ര ശ്രമങ്ങള്‍ അന്ത്യഘട്ടത്തിലെത്തിനില്‍ക്കെയാണ് സംഭവം. നേരത്തെ പുറത്തുവിട്ട വീഡിയോകളില്‍ തലയറുക്കലില്‍ പങ്കാളിയായ ആള്‍ തന്നെയാണ് ഈ വീഡിയോയിലുമുള്ളത്. ഓറഞ്ച് നിറത്തിലുള്ള ജയില്‍ വേഷത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന കെന്‍ജി ഗോട്ടൊയുടെ ദൃശ്യമാണ് ഒരു മിനുട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോയിലുള്ളത്.
ജപ്പാന്‍ ബന്ദിയായ ഹാരുന യുകായുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് സിറിയയില്‍ കെന്‍ജി ഗോട്ടോ ഇസിലിന്റെ പിടിയിലാകുന്നത്. ഹാരുന യുകായെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച ഇസില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇസില്‍ പിടികൂടിയ ജോര്‍ദാന്‍ പൈലറ്റ് മഅ്‌സുല്‍ അല്‍ കസാസ് ബെയെക്കുറിച്ച് പുതിയ വീഡിയോയില്‍ പരാമര്‍ശമില്ല. ബന്ദിയാക്കിയ ജപ്പാന്‍ പൗരനെ 24 മണിക്കൂറിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ദാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇറാഖ് വനിതയെ വിട്ടയച്ചില്ലെങ്കില്‍ താനും ബന്ദിയായ ജോര്‍ദാന്‍ പൈലറ്റും കൊല്ലപ്പെടുമെന്ന് വീഡിയോയില്‍ ഗോട്ടോ പറയുന്നുണ്ട്. ഹാരുന യുകാവ, ഗോട്ടോ എന്നിവര്‍ക്കുള്ള മോചനദ്രവ്യമായി അവര്‍ ഇരുപത് കോടി ഡോളറാണ് ഇസില്‍ ആവശ്യപ്പെട്ടത്.