Connect with us

National

സിഖ് കൂട്ടക്കൊല: എസ് ഐ ടി അന്വേഷണത്തിന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊല കേസുകള്‍ പുനരന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയമിക്കുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജി പി മാഥുര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എസ് ഐ ടി അന്വേഷണത്തിന് വഴിയൊരുങ്ങുന്നത്. 1984ലെ സിഖ് കൂട്ടക്കൊല കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ ഡിസംബര്‍ 23നാണ് ജസ്റ്റിസ് ജി പി മാഥുര്‍ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറിയത്. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ച 225 കേസുകള്‍ പുനരന്വേഷിക്കണമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്‌ലര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളും ഇതില്‍പ്പെടും.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് കമ്മീഷന് നല്‍കിയിരുന്നത്. എന്നാല്‍, 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിയില്‍ ഈ മാസം ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയത്. കലാപത്തില്‍ 3,325 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 2,733 പേര്‍ കൊല്ലപ്പെട്ടത് ഡല്‍ഹിയിലാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ കലാപത്തിലാണ് ശേഷിക്കുന്നവര്‍ കൊല്ലപ്പെട്ടത്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിഖ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എസ് ഐ ടി രൂപവത്കരണമെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ജാലവിദ്യയാണ് എസ് ഐ ടി അന്വേഷണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എസ് ഐ ടി അന്വേഷണത്തെ അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര കമ്മിറ്റി മേധാവിയുമായ മന്‍ജിത് സിംഗ് സ്വാഗതം ചെയ്തു.
സിഖ് കൂട്ടക്കൊല കേസുകളില്‍ പുനരന്വേഷണം വേണമെന്ന് ബി ജെ പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് അന്വേഷണം അവസാനിപ്പിച്ച 241 കേസുകളില്‍ നാല് എണ്ണം മാത്രം പുനരന്വേഷിക്കാനാണ് ജസ്റ്റിസ് നാനാവതി കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍, 237 കേസുകളില്‍ വീണ്ടും അന്വേഷണം നടത്തണമെന്നാണ് ബി ജെ പിയുടെ ആവശ്യം. 241 കേസുകളില്‍ നാല് കേസുകളിലാണ് സി ബി ഐ പുനരന്വേഷണം നടത്തിയത്. ഇതില്‍ രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കേസില്‍ മുന്‍ എം എല്‍ എ ഉള്‍പ്പെടെ അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. സിഖ് കൂട്ടക്കൊലയുടെ ഇരകളുടെ അടുത്ത ബന്ധുവിന് അഞ്ച് ലക്ഷം രൂപ വീതം അധിക നഷ്ടപരിഹാരം നല്‍കുന്നതിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Latest