Connect with us

Kerala

കോടതിയലക്ഷ്യം: എം വി ജയരാജന്‍ കീഴടങ്ങി; ശിക്ഷ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

Published

|

Last Updated

തിരുവനന്തപുരം/കൊച്ചി: കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട സി പി എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി. ഇനി ജയരാജന്‍ പൂജപ്പുര ജയിലിലെ നമ്പര്‍ 6699 തടവുകാരന്‍. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള ശുംഭന്‍ പരാമര്‍ശത്തെ തുടര്‍ന്ന് സുപ്രീം കോടതി ശിക്ഷക്കു വിധിച്ച ജയരാജന്‍ ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. രാവിലെ ഹൈക്കോടതിയിലെത്തി ജയരാജന്‍ കീഴടങ്ങിയിരുന്നു. മുമ്പ് ഇതേ കേസില്‍ ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ഒമ്പത് ദിവസം തടവനുഭവിച്ചിരുന്നു.
ജയരാജനെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി സി പി എം പ്രവര്‍ത്തകര്‍ ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. എം എല്‍ എമാരായ എ കെ ബാലന്‍, വി ശിവന്‍കുട്ടി, സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ജയിലിലെത്തിയിരുന്നു. ജയരാജനെ കൊണ്ടുവന്ന പോലീസ് വാന്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യമര്‍പ്പിച്ചു. ജയരാജനും പ്രത്യഭിവാദ്യം ചെയ്തു.
ഇന്നലെ രാവിലെ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത ശേഷമാണ് ജയരാജന്‍ ഹൈക്കോടതിയിലെത്തിയത്. തന്റെ കേസ് വാദിച്ച അഡ്വ. എം ശശീന്ദ്രനൊപ്പം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നിലെത്തി താന്‍ ഹാജരാകുന്നതായുള്ള രേഖ ഒപ്പിട്ട് നല്‍കിയ ജയരാജനെ രജിസ്ട്രാര്‍ പൊലീസ് കസ്റ്റഡിയില്‍ ഏല്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയുടെ പിന്നിലെ ഗേറ്റിന് പുറത്തെത്തിയ ജയരാജന്‍ പോലീസ് വാനിലേക്ക് കയറുമ്പോള്‍ സി പി എം ഏരിയാ സെക്രട്ടറി പി എന്‍ സീനുലാലിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു.
പൂജപ്പുര ജയിലിലെ നടപടിക്രമങ്ങള്‍ 10 മിനിറ്റോളം നീണ്ടു. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ജയില്‍ ഓഫീസിലെത്തി. പരിശോധനകള്‍ക്കു ശേഷം ആശുപത്രി ബ്ലോക്കിന് സമീപത്തെ സെല്ലിലാണ് ജയരാജനെ തടവിലാക്കിയത്. മുമ്പും വി ഐ പി തടവുകാരെ പാര്‍പ്പിച്ച ബ്ലോക്കിലാണ് എം വി ജയരാജനെയും പാര്‍പ്പിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള, രാജന്‍ കേസില്‍ തടവിലായ ഐ ജി ലക്ഷ്മണ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശിക്ഷയനുഭവിച്ചതും ഈ ബ്ലോക്കിലാണ്. മുമ്പ് ഇതേ കേസില്‍ എം വി ജയരാജന്‍ ഒമ്പത് ദിവസം തടവ് ശിക്ഷയനുഭവിച്ചതും ഇവിടെത്തന്നെയായിരുന്നു.
ജയരാജന് വി ഐ പി പരിഗണനകളൊന്നും നല്‍കില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മുന്‍ എം എല്‍ എ എന്ന നിലക്കുള്ള സൗകര്യങ്ങള്‍ നല്‍കും. ഇതനുസരിച്ച് കട്ടില്‍, ഫാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. കൂടാതെ ജയില്‍ യൂനിഫോം ധരിക്കേണ്ടതുമില്ല. ജയിലില്‍ ജയരാജന് ജോലി നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സന്ദര്‍ശക ബാഹുല്യമുണ്ടായാല്‍ നിയന്ത്രണമേര്‍പ്പെടുത്താനും ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ജയരാജനെ നാലാഴ്ചയാണ് സുപ്രീം കോടതി ശിക്ഷിച്ചതെങ്കിലും മുമ്പ് തടവനുഭവിച്ച ഒമ്പത് ദിവസം ഇളവ് ചെയ്തിരുന്നു. കൊച്ചിയില്‍ ലോട്ടറി തൊഴിലാളികളുടെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ശേഷം കോടതിയില്‍ കീഴടങ്ങിയ ജയരാജന്‍ അടുത്ത 21ന് പുറത്തിറങ്ങിയ ശേഷം നേരെ പോകുക ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയിലേക്കാകും.