Connect with us

International

ബിന്‍ലാദിന്‍ ബ്രദര്‍ഹുഡ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

കുവൈത്ത് സിറ്റി: അല്‍ ഖാഇദ ഭീകരസംഘടനയുടെ നേതാവും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതപ്പെടുന്നയാളുമായ ഉസാമ ബിന്‍ലാദിന്‍ ബ്രദര്‍ഹുഡ് അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അല്‍ഖാഇദയുടെ ഇപ്പോഴത്തെ നേതാവായി അറിയപ്പെടുന്ന അയ്മന്‍ അല്‍സവാഹിരിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് കുവൈത്തില്‍ നിന്നിറങ്ങുന്ന അല്‍ വത്വന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ അല്‍ വത്വന്‍ പത്രത്തിന്റെ മുഖപേജില്‍ തന്നെ ഈ റിപ്പോര്‍ട്ട് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ സോവിയറ്റ് അധിനിവേശത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വന്ന സമയത്ത് ബ്രദര്‍ഹുഡായിരുന്നു ഉസാമയെ പാക്കിസ്ഥാനിലേക്ക് അയച്ചത്. പാക്കിസ്ഥാനിലുള്ള ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണച്ച് പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹത്തോട് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബ്രദര്‍ഹുഡിന്റെ നിര്‍ദേശം ലംഘിച്ച് ഇദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നുവെന്നും സവാഹിരി വെളിപ്പെടുത്തുന്നു. അറബ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന “മരണ വ്യവസായം” എന്ന ഡോക്യുമെന്ററിയിലാണ് സവാഹിരി ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക ലോകവ്യാപകമായി മുസ്‌ലിം രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ലക്ഷക്കണക്കിന് നിരപരാധികളാണ് അഫ്ഗാനിസ്ഥാനില്‍ മാത്രം അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.