Connect with us

Kerala

എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ നല്‍കണമെന്ന് ബിജുവിനോട് വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പൂര്‍ണമായി ഹാജരാക്കണമെന്ന് വിജിലന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന് വിജിലന്‍സ് നോട്ടീസ് നല്‍കി. എഡിറ്റ് ചെയ്ത ശബ്ദരേഖക്ക് നിയമസാധുതയില്ലാത്തതിനാല്‍, ശബ്ദരേഖ പൂര്‍ണമായടങ്ങിയ യഥാര്‍ഥ ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ശബ്ദരേഖ പൂര്‍ണമായി വിജിലന്‍സിന് കൈമാറില്ലെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഹാജരാക്കിയ ശബ്ദരേഖ തെളിവായി കോടതിയില്‍ ഹാജരാക്കാനാകില്ല. അതുകൊണ്ടാണ് പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെടുന്നത്. വിജിലന്‍സിന് കൈമാറുന്ന രേഖകള്‍ ചോരുന്നതടക്കമുള്ള കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍, ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ ബിജു രമേശിനു രേഖകള്‍ കൈമാറാമെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണ സംഘം ഇക്കാര്യം തന്നോട് നേരത്തേ ആവശ്യപ്പട്ടിരുന്നുവെന്നും എന്നാല്‍ കൈമാറുന്ന തെളിവിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും ബിജു രമേശ് പറഞ്ഞു.
പൂര്‍ണമായ ശബ്ദരേഖ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ ഹാജരാക്കാനും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും താന്‍ തയ്യാറാണ്. ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് ഇന്ന് ആദായനികുതി വകുപ്പിന് കൈമാറുമെന്നും ബിജു പറഞ്ഞു. വിജിലന്‍സിന് മുന്നില്‍ ഹാജരായ ബാര്‍ ഉടമകള്‍ മൊഴിമാറ്റി പറഞ്ഞതിനാല്‍ അത് തെറ്റാണെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താനാണ് താന്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ കൈമാറിയത്.
കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എ ഡി ജി പി ജേക്കബ് തോമസിനെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിനു തൊട്ടുപിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത് ഇതിനു തെളിവാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ഥ ഹാര്‍ഡ് ഡിസ്‌ക് കൈമാറിയാന്‍ തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഇതുവരെ പത്തുസാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടുപേര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

Latest