Connect with us

National

എ എ പി തന്നെ മുന്നിലെത്തുമെന്ന് വീണ്ടും സര്‍വേ ഫലം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, പോരാട്ട ഗോദയില്‍ എ എ പി ഏറെ മുന്നിലെന്ന് വീണ്ടും സര്‍വേ ഫലം. തലീം റിസര്‍ച്ച് ഫൗണ്ടേഷനുമായി ചേര്‍ന്ന് സീ മീഡിയ നടത്തിയ പുതിയ സര്‍വേയിലാണ് ഇത്. ഇപ്പോള്‍ വോട്ടെടുപ്പ് നടന്നാല്‍ 39.7 ശതമാനം വോട്ടുകളാണ് ബി ജെ പിക്ക് ലഭിക്കുക. എ എ പിക്ക് 46 ശതമാനവും കോണ്‍ഗ്രസിന് 14.3 ശതമാനവും വോട്ടുകള്‍ ലഭിക്കും.
എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്ന് 49 ശതമാനം പേരും വിധിയെഴുതിയിരിക്കുന്നു. കിരണ്‍ ബേദിക്ക് 40 ശതമാനം പേരാണ് അനുകൂലം. അജയ് മാക്കന് 10 ശതമാനം പേരുടെ മാത്രം പിന്തുണയാണ് ലഭിച്ചത്. എ എ പി 34 മണ്ഡലത്തിലും ബി ജെ പി 32 മണ്ഡലത്തിലും വിജയിക്കുമെന്നാണ് സര്‍വേ ഫലം. തങ്ങളുടെ മണ്ഡലങ്ങളില്‍ കിരണ്‍ ബേദിയും കെജ്‌രിവാളും വലിയ വിജയം നേടും. ന്യഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്. ബേദി കൃഷ്ണ നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നും. ബി ജെ പി ശക്തികേന്ദ്രമാണ് കൃഷ്ണ നഗര്‍ മണ്ഡലം.
2013ലെ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിതിനെ വലിയ മാര്‍ജിനിലാണ് കെജ്‌രിവാള്‍ തോല്‍പ്പിച്ചത്. അന്ന് ബി ജെ പിക്ക് 31 മണ്ഡലങ്ങള്‍ ലഭിച്ചപ്പോള്‍, എ എ പി ഇടങ്ങളില്‍ ജയിച്ചു. കോണ്‍ഗ്രസിന്റെ പ്രകടനം എട്ടില്‍ ഒതുങ്ങി. 70 അംഗ നിയമസഭയിലേക്ക് ഏഴിന് നടക്കുന്ന വോട്ടെടുപ്പിന്, ബി ജെ പിയും എ എ പിയും ഇഞ്ചോടിഞ്ച് പ്രചാരണമാണ് നടത്തുന്നത്. പത്തിനാണ് വോട്ടെണ്ണല്‍.
ഡല്‍ഹിയില്‍ എ എ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ എന്‍ ഡി ടി വി സര്‍വേ ഫലവും. മൂന്ന് പ്രമുഖ സര്‍വേ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. എ എ പി അധികാരത്തിലെത്തുമെന്നും അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്നുമാണ് ഫലം. പുതിയ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് 37 സീറ്റുകള്‍ ലഭിക്കും. ബി ജെ പി സഖ്യത്തിന് 29 സീറ്റുകളും. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ലഭിച്ച മൂന്ന് സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടപ്പെടും. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്‌ണോമിക്ക് ടൈംസ്, എ ബി പി ന്യൂസ് തുടങ്ങിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് എന്‍ ഡി ടി വി ഫലം പ്രവചിച്ചത്.

Latest