Connect with us

Ongoing News

ഗെയിംസ് അഴിമതി: സി ബി ഐ വിവരശേഖരണം നടത്തി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രാഥമിക വിവരശേഖരണം തുടങ്ങി. സി ബി ഐ ചെന്നൈ യൂനിറ്റ് ഐ ജിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്. ഗെയിംസ് നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച് അമ്പത് പേജുള്ള പരാതിയാണ് സി ബി ഐ ചെന്നൈ യൂനിറ്റിന് ലഭിച്ചത്. ആരോപണമുയര്‍ന്ന സ്റ്റേഡിയങ്ങളും കരാറുകളുമാണ് പ്രധാനമായും സി ബി ഐ പരിശോധിക്കുന്നത്. കൊല്ലം ഹോക്കി സ്റ്റേഡിയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, പിരപ്പന്‍കോട് നീന്തല്‍ക്കുളം തുടങ്ങിയവയുടെ നിര്‍മാണം, ഗെയിംസുമായി ബന്ധപ്പെട്ട വിവിധ കരാറുകള്‍ തുടങ്ങിയവയാണ് സി ബി ഐ പ്രാഥമിക പരിശോധന നടത്തിയത്.

രണ്ടാഴ്ച മുമ്പ് തന്നെ ഇതുസംബന്ധിച്ച് നടപടികള്‍ സി ബി ഐ വൃത്തങ്ങള്‍ സ്വീകരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ ഫാക്ട് ഫൈന്‍ഡിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കും. ദേശീയ ഗെയിംസ് നടത്തിപ്പിന് കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിനാല്‍ ക്രമക്കേട് സംബന്ധിച്ച ആരോപണമുയര്‍ന്നാല്‍ സി ബി ഐക്ക് അന്വേഷണം അനിവാര്യമാകും. ഈ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സി ബി ഐ വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണൊണ് സി ബി ഐയുടെ നിലപാട്. ചീഫ് വിപ്പ് പി സി ജോര്‍ജ്, കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, കെ ബി ഗണേഷ് കുമാര്‍ എന്നിവരും ദേശീയ ഗെയിംസിലെ ക്രമക്കേടിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Latest