Connect with us

National

മഞ്ചി ബിജെപിയിലേക്ക് ? ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജെഡിയുവില്‍ നിന്ന് പുറത്താക്കിയ ജിതന്‍ റാം മഞ്ചി ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയ മഞ്ചി ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കൂടിക്കാഴ്ച. മോദിക്കു പുറമേ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മന്ത്രിസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തതിന് പിന്നാലെ മഞ്ചിയെ ജനതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി എം എല്‍ എമാരുടെ യോഗത്തില്‍ തിരഞ്ഞെടുത്തു. നിയമസഭ പിരിച്ചുവിടണമെന്ന് അടിയന്തര കാബിനറ്റ് യോഗത്തിനു ശേഷം മഞ്ചി ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ജെ ഡി യുവിന്റെ 111 എം എല്‍ എമാരില്‍ 97 പേരുടെ പിന്തുണയാണ് നിതീഷ് കുമാറിനുള്ളത്. നേരത്തെ 102 പേരുടെ പിന്തുണ നിതീഷ് കുമാര്‍ അവകാശപ്പെട്ടിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എം എല്‍ എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. മാഞ്ചിയുടെ ശിപാര്‍ശ പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഔദ്യോഗിക വിഭാഗം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കി. പശ്ചിമ ബംഗാള്‍ ഗവര്‍ണറായ കേസരിനാഥ് ത്രിപാഠിക്കാണ് ബീഹാറിന്റെ അധികച്ചുമതല.

ഇന്നലെ ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തത്. ഭൂരിഭാഗം പേരുടെയും എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം മുഖ്യമന്ത്രി കൈക്കൊണ്ടത്. ഐക്യ ജനതാദളിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള അവസാന ശ്രമങ്ങളും വിഫലമായതോടെയാണ് കടുത്ത തീരുമാനവുമായി മുഖ്യമന്ത്രി മുന്നോട്ടു പോയത്. മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാര്‍ മാത്രമാണ് മന്ത്രിസഭ പിരിച്ചുവിടുന്ന തീരുമാനത്തോട് യോജിച്ചത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനെ അനുകൂലിക്കുന്ന 21 മന്ത്രിമാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയതായി ധനമന്ത്രി ബിജേന്ദ്ര യാദവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 29 മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്ര സിംഗ് ആണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള നിര്‍ദേശം യോഗത്തില്‍ വെച്ചത്.
നിതീഷ് കുമാറുമായി ജിതന്‍ റാം മഞ്ചി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഭരണകക്ഷിയായ ജെ ഡി യുവിനുള്ളിലെ പ്രശ്‌നം പരിഹരിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ ഒത്തുതീര്‍പ്പുണ്ടാകുമെന്ന തരത്തിലും വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന നിര്‍ദേശം തള്ളുകയാണെന്ന് മഞ്ചി ആവര്‍ത്തിച്ചു. യോഗത്തില്‍ ജെ ഡി യു അധ്യക്ഷന്‍ ശരത് യാദവും പങ്കെടുത്തു.
ഭൂരിഭാഗം മന്ത്രിമാരും എതിര്‍ത്ത സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പും നിതീഷ് കുമാറിന്റെ അനുയായിയുമായ ശ്രാവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ജെ ഡി യുവിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ ജെ ഡി യു ജനറല്‍ സെക്രട്ടറിയും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ കെ സി ത്യാഗി അപലപിച്ചു. ബീഹാറിന്റെ തിരക്കഥയെഴുതാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുകയാണെന്ന് ത്യാഗി കുറ്റപ്പെടുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെ ഡിയുവിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മഞ്ചി മുഖ്യമന്ത്രിയാകുന്നത്. 243 അംഗ നിയമസഭയില്‍ ഭരണമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
24 അംഗങ്ങളുള്ള ആര്‍ ജെ ഡിയും അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള സി പി ഐയും ജെ ഡിയുവിന് പിന്തുണ നല്‍കുന്നുണ്ട്. 88 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്.