Connect with us

Ongoing News

സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

Published

|

Last Updated

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ തങ്ങളില്‍ ഏറെയൊന്നും പ്രതീക്ഷ വേണ്ടെന്ന് ടീം ഇന്ത്യ വീണ്ടും വീണ്ടും തെളിയിക്കുന്നു. ത്രിരാഷ്ട്ര പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ശേഷം ആസ്‌ത്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ വന്‍ തോല്‍വി ഏറ്റുവാങ്ങി. 106 റണ്‍സിനാണ് നിലവിലുള്ള ചാമ്പ്യന്‍മാരായ ഇന്ത്യയുടെ തോല്‍വി. ആസ്‌ത്രേലിയ ഉയര്‍ത്തിയ 371 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 45.1 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ് കളിയിലെ കേമന്‍.
വന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരുഘട്ടത്തിലും വിജയ പ്രതീക്ഷ നല്‍കിയില്ല. നല്ലൊരു തുടക്കം പ്രതീക്ഷിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 14 പന്തുകളില്‍ നിന്ന് എട്ട് റണ്‍സുമായി ഓപ്പണര്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഫിഞ്ചിന് ക്യാച്ച്. ലോകകപ്പിലെ ഇന്ത്യന്‍ ഭാരം പേറുന്ന വിരാട് കോഹ്‌ലിയെ (18) സ്‌കോര്‍ 53ല്‍ നില്‍ക്കെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. ഫോം മങ്ങിനിന്ന ശിഖര്‍ ധവാന്‍ 59 റണ്‍സ് നേടിയതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ സവിശേഷത. അമ്പാട്ടി റായിഡു (53), അജിങ്ക്യ രഹാനെ (66) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അത് മതിയായിരുന്നില്ല. ഇതില്‍ നാല് സിക്‌സറുകളും നാല് ബൗണ്ടറികളും പറത്തിയ റായിഡുവിന്റെ ഇന്നിംഗ്‌സ് വേറിട്ടുനിന്നു. ക്യാപ്റ്റന്‍ എം എസ് ധോണി (പൂജ്യം), സുരേഷ് റെയ്‌ന (ഒമ്പത്), സ്റ്റുവര്‍ട്ട് ബിന്നി (അഞ്ച് ) എന്നിവര്‍ പതിവ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങി. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. മാക്‌സ്‌വെല്‍ 57 പന്തില്‍ 122 റണ്‍സും വാര്‍ണര്‍ 83 പന്തില്‍ 104 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും നേരിട്ട മാക്‌സ്‌വെല്‍ 11 ഫോറും എട്ട് സിക്‌സറും പറത്തി. ഇന്നിംഗ്‌സ് അവസാനിക്കാനിരിക്കെ മാക്‌സ്‌വെല്‍ റിട്ടയര്‍ ചെയ്യുകയായിരുന്നു. വാര്‍ണര്‍ 14 ഫോറും രണ്ട് സിക്‌സും നേടി. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി 44 റണ്‍സ് നേടി. താളം കണ്ടെത്താനാകാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസീസ് കാഴ്ചവെച്ചത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. മാക്‌സ്‌വെല്‍ റിട്ടയര്‍ ചെയ്തതിനാല്‍ ഓസീസിനെ 48. .2 ഓവറില്‍ ഓള്‍ഔട്ടാക്കിയെന്ന് ബൗളര്‍മാര്‍ക്ക് ആശ്വസിക്കാമെന്നുമാത്രം. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വീതം വിക്കറ്റുകളും വീഴ്ത്തി. ബിന്നിയും അക്‌സര്‍ പട്ടേലും ഒരോ വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest