Connect with us

Kerala

നാദാപുരം അക്രമം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- കാന്തപുരം

Published

|

Last Updated

നാദാപുരം: നാദാപുരത്തെ അക്രമ സംഭവങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്റെ വീടും അക്രമബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥികളെ പോലെ മറ്റു വീടുകളില്‍ കഴിയുന്നവര്‍ ഉസ്താദിന് മുന്നില്‍ കണ്ണീരണിഞ്ഞ് തങ്ങളുടെ കദനകഥകള്‍ വിവരിച്ചു. തൂണേരിയില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നിരപരാധികളായ നൂറുകണക്കിനാളുകളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. എഴുപതോളം വീടുകള്‍ കത്തിച്ചാമ്പലാക്കി . നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. വീട്ടുപകരണങ്ങള്‍ എടുത്തുകൊണ്ടുപോകുകയോ നശിപ്പിക്കുകയോ ചെയ്തശേഷം വീടുകള്‍ക്ക് തീവെക്കുകയായിരുന്നു. കിണറുകള്‍ വരെ ഉപയോഗ ശൂന്യമാക്കുകയുണ്ടായി. കത്തി കാണിച്ച് സ്ത്രീകളുടെയും മറ്റും ആഭരണങ്ങള്‍ അഴിച്ചു വാങ്ങി. അലമാരകള്‍ കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു. ഒരായുസ്സിന്റെ ഈടുവെപ്പാണ് ചാരമായത്. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ നിയമപാലകര്‍ പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്.
ഡി വൈ എസ് പി ഓഫീസിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ഇത്രയും അക്രമങ്ങള്‍ അരങ്ങേറിയത്. ഒരു മണിക്കൂറിനുള്ളില്‍ ഒരേസമയത്ത് കൊള്ളയും കൊള്ളിവെപ്പും നടന്നത് ഭീതിജനിപ്പിക്കുന്നതാണെന്ന് മാത്രമല്ല ആസൂത്രിതമാണെന്ന സംശയവും ബലപ്പെടുത്തുന്നുണ്ട്. കോടികളുടെ നാശനഷ്ടമാണിവിടെ ഉണ്ടായിരിക്കുന്നത്. വീട് കത്തിച്ചതിനെ തുടര്‍ന്ന് ഭവനരഹിതരായവര്‍ ബന്ധുക്കളുടെയും മറ്റും വീടുകളിലാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിഞ്ഞു കൂടുന്നത് , ഇത്രയും ഭീതിജനകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടും മന്ത്രിതല സംഘങ്ങളോ ജില്ലാ കലക്ടറോ ഇവിടെ സന്ദര്‍ശിച്ചിട്ടില്ല. മാത്രമല്ല, നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് ഉദ്യോഗസ്ഥ സംഘങ്ങളും എത്തിയിട്ടില്ല.
തൂണേരിയില്‍ കൊല ചെയ്യപ്പെട്ട ഷിബിന്റെ ഘാതകരെ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാരമായി ശിക്ഷിക്കണം. ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിന് സത്വര നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം. അക്രമസംഭവങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. കൂടാതെ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും നഷ്ടപരിഹാരം സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശത്ത് അക്രമങ്ങള്‍ക്ക് അറുതി വരുത്തി ശാശ്വത സമാധാനമുണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കുകയും ആത്മസംയമനം പാലിക്കുകയും വേണം. അനുയായികള്‍ ചെയ്യുന്ന ഏത് കുറ്റകൃത്യങ്ങളും ഏറ്റെടുത്ത് അക്രമികള്‍ക്ക് സഹായം ചെയ്യുന്ന സമീപനം രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുണ്ടാവരുതെന്നും കുറ്റങ്ങള്‍ ആര് ചെയ്താലും ശിക്ഷിക്കപ്പെടാന്‍ എല്ലാവരും യോജിച്ച് നില്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ടി ടി മുഹമ്മദ് ഫൈസി, ചിയ്യൂര്‍ അബ്ദുര്‍റഹിമാന്‍ ദാരിമി, റാശിദ് ബുഖാരി, നൗഫല്‍ സഖാഫി, മായിന്‍ ഹാജി, തുടങ്ങിയ പൗരപ്രമുഖരും പ്രദേശവാസികളും കാന്തപുരത്തൊടൊപ്പമുണ്ടായിരുന്നു.

Latest