Connect with us

Ongoing News

ട്രാക്കുണര്‍ന്നു: 5000 മീറ്ററില്‍ ഒ പി ജയ്ഷക്ക് സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം: അത്‌ലറ്റിക്‌സിലെ സ്വര്‍ണ മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന് ട്രാക്കില്‍ കേരളം മെഡല്‍വേട്ടക്ക് തുടക്കമിട്ടു. ദീര്‍ഘദൂര ഓട്ടക്കാരി ഒ പി ജെയ്ഷയുടെ സ്വര്‍ണക്കുതിപ്പിലൂടെയാണ് കേരളം ട്രാക്കില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. 5000 മീറ്റര്‍ വനിതകളുടെ ദീര്‍ഘദൂര ഓട്ടത്തിലാണ് ജെയ്ഷ കേരളത്തിന്റെ അഭിമാനം കാത്തത്. 15 മിനിട്ടും 31:37 സെക്കന്റും സമയമെടുത്ത് ദേശീയ ഗെയിംസില്‍ റെക്കോര്‍ഡ് തിരുത്തിയാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. 2011ലെ റാഞ്ചി ഗെയിംസില്‍ മഹാരാഷ്ട്രയുടെ കവിതാ റാവത്ത് സ്ഥാപിച്ച റെക്കോര്‍ഡാണ് ജെയ്ഷയുടെ കുതിപ്പില്‍ തകര്‍ന്നത്. അതേസമയം, കേരളത്തിന്റെ ക്യാപ്റ്റനും നിലവിലെ ദേശീയ റെക്കോര്‍ഡിന് ഉടമയുമായ പ്രീജാ ശ്രീധരനും സ്‌കൂള്‍ ഗെയിംസിലെ വിലയേറിയ താരമായ പി യു ചിത്രയും കേരളത്തിനായി ട്രാക്കിലിറങ്ങിയിരുന്നെങ്കിലും ഇരുവര്‍ക്കും ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കാനായില്ല. 16: 26:06 സമയം കുറിച്ച പ്രീജാ ശ്രീധരന്‍ നാലാമതും പി യു ചിത്ര അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
മഹാരാഷ്ട്രയുടെ ലളിതാ ബാബര്‍ 14 സെക്കന്‍ഡ് വ്യത്യാസത്തില്‍ ഒ പി ജെയ്ഷക്ക് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. മഹാരാഷ്ട്രയുടെ തന്നെ മറ്റൊരു താരം സ്വാതി ഗദാവെക്കാണ് വെങ്കലം. അത്‌ലറ്റിക്‌സില്‍ ഇന്നലെ വനിതകളുടെ 5000 മീറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഫൈനലുകളാണ് നടന്നത്. പുരുഷന്മാരുടെ 5000 മീറ്ററില്‍ സര്‍വീസസിന്റെ ജി ലക്ഷ്മണന്‍ സ്വര്‍ണവും മഹാരാഷ്ട്രയുടെ എം ഡി യൂനിസ് വെള്ളിയും സര്‍വീസസിന്റെ തന്നെ മാന്‍സിംഗ് വെങ്കലവും നേടി. വനിതകളുടെ ഹൈജമ്പില്‍ കര്‍ണാടകയുടെ സഹാനകുമാരി സ്വര്‍ണവും പശ്ചിമ ബംഗാളിന്റെ സ്വപ്‌നബര്‍മന്‍ വെള്ളിയും മധ്യപ്രദേശിന്റെ മല്ലിക മൊണ്ഡല്‍ വെങ്കലവും നേടി.
അതേസമയം ലോംഗ്ജമ്പില്‍ കേരളത്തിന്റെ മുഹമ്മദ് അനീസ്, എം പി ഹരികൃഷ്ണന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടി 7.18 മീറ്റര്‍ ചാടിയ മുഹമ്മദ് അനീസ് ഹീറ്റ്‌സില്‍ ആറാം സ്ഥാനത്തും 6.85 മീറ്റര്‍ ചാടിയ ഹരികൃഷ്ണന്‍ പത്താമതുമാണ് ഫിനിഷ് ചെയ്തത്. ലോംഗ്ജമ്പ് ഫൈനല്‍ ഇന്ന് നടക്കും.
ഇന്ന് കേരളം കൂടുതല്‍ പ്രതീക്ഷയോടെയാണിറങ്ങുന്നത്. പുരുഷന്‍മാരുടെ 10000 മീറ്ററാണ് ഇന്നത്തെ പ്രധാന മത്സരം. വടക്കേ ഇന്ത്യയാണ് ഈ ഇനത്തില്‍ ആധിപത്യം തുടരുന്നതെങ്കിലും കേരളത്തിന്റെ ജെ സതീഷ്, എം ഡി ധനേഷ് എന്നിവരില്‍ കേരളം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പുരുഷന്‍മാരുടെ ഷോട്ട്പുട്ട്, ലോങ്ജമ്പ്, ഡെക്കാത്തലണ്‍, വനിതകളുടെ ഹാമര്‍ത്രോ എന്നിവയുടെ ഫൈനലും ഇന്ന് നടക്കും. കേരളം നേരിയ പ്രതീക്ഷ പുലര്‍ത്തുന്ന മത്സരമാണ് വനിതകളുടെ ഹാമര്‍ത്രോ. ആതിര മുരളീധരനാണ് ഈ ഇനത്തില്‍ മത്സരിക്കുന്നത്.
ഷോട്ട്പുട്ടില്‍ വി പി ആല്‍ഫിനും ലോങ്ജംപില്‍ എം ഹരികൃഷ്ണനും കേരളത്തിനുവേണ്ടി മത്സരിക്കും. വനിത ലോംഗ്ജമ്പ് യോഗ്യതാറൗണ്ടും 1500 മീറ്ററിന്റെ ഹീറ്റ്‌സും 100, 400 സെമി ഫൈനലും, 110 മീറ്റര്‍ ഹഡില്‍സിലും കേരളം ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗത്തില്‍ 100, 110 ഹഡില്‍സ്, ഡിസ്‌കസ്‌ത്രോ യോഗ്യതാറൗണ്ട്, 1500ഹീറ്റ്‌സ്, 400, 100 സെമി ഫൈനല്‍ മത്സരങ്ങളും നടക്കും. വനിതകളുടെ 1500ല്‍ സിനിമോള്‍ മാര്‍ക്കോസ്, ലോംഗ്ജമ്പില്‍ എം എ പ്രജുഷ, നീന, റിനു മാത്യു, 100 ഹര്‍ഡില്‍സില്‍ എം എം അഞ്ജു, കെ വി സജിത, ജോജിമോള്‍ ജോസഫ്, 100 മീറ്ററില്‍ വി ശാന്തിനി, എസ് സിനി, നീതു മാത്യു എന്നിവരും 400 മീറ്ററില്‍ അനില്‍ഡ തോമസ്, അനു, ഷോട്ട്പുട്ടില്‍ നീന എലിസബത്ത് ബേബി എന്നിവര്‍ ഇറങ്ങും.

---- facebook comment plugin here -----

Latest