Connect with us

Kerala

സ്‌കൂളുകളില്‍ പീര്യഡുകളുടെ എണ്ണം എട്ടാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പീര്യഡുകളുടെ എണ്ണം എട്ടാക്കാന്‍ തീരുമാനം. നിലവില്‍ ഏഴ് പീര്യഡുകളാണുള്ളത്. കലാ കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദര്‍ുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആകെ പ്രവൃത്തിസമയത്തിലും ഇടവേളകളിലും മാറ്റം വരുത്താതെയാകും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ എട്ട് പീര്യഡുകള്‍ നടപ്പാക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് പീര്യഡുകള്‍ നാല്‍പ്പത് മിനുട്ടുകളും നാല്, അഞ്ച്, ആറ് പീര്യഡുകള്‍ 35 മിനുട്ടുകളും ഏഴ്, എട്ട് പീര്യഡുകള്‍ മുപ്പത് വീതം മിനുട്ടുകളുമായിരിക്കും.

വെള്ളിയാഴ്ചകളില്‍ മൂന്ന്, നാല് പീര്യഡുകള്‍ 35 മിനുട്ടുകളായി ക്രമീകരിക്കും. ആരോഗ്യ, കായിക, കലാ വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും വൈജ്ഞാനിക മേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണയവുമുണ്ടാകും.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിനും കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ച സിലബസും പാഠപുസ്തകങ്ങളുമായിരിക്കും സ്‌കൂളുകളിലെത്തുക. കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വി എച്ച് എസ് ഇ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് എസ് സി ഇ ആര്‍ ടി പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നേരിട്ട് തയ്യാറാക്കി ആര്‍ ഡി ഇ മുഖേന വിതരണം ചെയ്യാനും തീരുമാനമായി. ഇതിനുവേണ്ടി എസ് സി ഇ ആര്‍ ടിയുടെ സഹായം തേടാനും യോഗം തീരുമാനിച്ചു.
അധ്യാപക സംഘടനകള്‍ തയ്യാറാക്കുന്ന ചോദ്യ പേപ്പറുകള്‍ അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകള്‍ വിതരണം ചെയ്യില്ല. ഇതോടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് കണക്കുകൂട്ടല്‍. അഡീഷനല്‍ ഡി പി ഐ. എല്‍ രാജന്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ കേ്ടര്‍ ഡോ. എസ് സാജുദ്ദീന്‍, വി എച്ച് എസ് ഇ ഡയറക്ടര്‍ പി കെ മോഹനന്‍, അധ്യാപകസംഘടനാ നേതാക്കളായ പി ഹരിഗോവിന്ദന്‍, എ കെ സൈനുദ്ദീന്‍, എ കെ ഉണ്ണികൃഷ്ണന്‍, എ മുഹമ്മദ്, കെ ടി അബ്ദുല്‍ ലത്തീഫ്, സലിം എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest