Connect with us

Articles

സി പി എം സമ്മേളനത്തിലേക്ക് പോകുമ്പോള്‍

Published

|

Last Updated

പതിവ് കോലാഹലങ്ങള്‍ പടിപ്പുറത്ത് നിര്‍ത്തിയാണ് സി പി എം ഇത്തവണ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നത്. ഈ മാസം 20 മുതല്‍ ആലപ്പുഴയിലാണ് സമ്മേളനം. ലോക്കല്‍ തലം മുതല്‍ ജില്ലാസമ്മേളനങ്ങള്‍ വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് നേതൃത്വം. തലമുറ മാറ്റം എന്ന് ഒരു പരിധി വരെ വിശേഷിപ്പിക്കാവുന്ന നേതൃമാറ്റമാണ് ഈ സമ്മേളനത്തിലെ പ്രത്യേകത. പുതിയ ചില ജില്ലാ സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. ഒന്നര പതിറ്റാണ്ടിലേറെ സി പി എമ്മിനെ നയിച്ച പിണറായി വിജയന്‍ സെക്രട്ടറിപദം ഒഴിയുന്നുവെന്നതാണ് ഈ സംസ്ഥാന സമ്മേളനത്തിന്റെ പ്രത്യേകത. പകരം പാര്‍ട്ടി തലപ്പത്ത് ആര് വരുമെന്നതും സമ്മേളനത്തിന്റെ ആകാംക്ഷയായി മാറുന്നു.
സെക്രട്ടറിപദത്തില്‍ ഒരാള്‍ക്ക് മൂന്ന് ടേം മതിയെന്ന ഭരണഘടനാഭേദഗതി കോഴിക്കോട് നടന്ന കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച സാഹചര്യത്തില്‍ നാല് ടേം പൂര്‍ത്തിയാകുന്ന പിണറായി വിജയന്‍ ഇനി പദവിയില്‍ തുടരില്ലെന്ന് ഉറപ്പാണ്. സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി പദമൊഴിയുമെന്ന് പിണറായി നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.
അപ്പോള്‍ ഇനി പകരക്കാരന്‍ ആരെന്നതാണ് ചോദ്യം. പാര്‍ട്ടിയില്‍ ഇന്ന് രണ്ടാമന്റെ റോളിലുള്ള പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. ഏറെക്കാലമായി പാര്‍ലമെന്ററി രംഗത്തുള്ള കോടിയേരിയെ സെക്രട്ടറിയാക്കുമെന്ന വിലയിരുത്തലുകള്‍ക്കാണ് മുന്‍തൂക്കം. പാര്‍ലമെന്ററി രംഗത്ത് സാങ്കേതികമായി ഉപനേതാവ് എങ്കിലും പാര്‍ട്ടിക്ക് ഈ രംഗത്തെ ഒന്നാമന്‍ കോടിയേരിയാണ്. നിയമസഭയില്‍ പ്രതിപക്ഷ നേതൃപദവി വി എസിന് നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതെല്ലാം കോടിയേരി തന്നെ. എല്‍ ഡി എഫിന്റെ കഴിഞ്ഞ ഭരണ കാലത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മുഖ്യമന്ത്രി പദം വി എസ് അച്യുതാനന്ദനായിരുന്നെങ്കിലും കോടിയേരി തന്നെയായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ബിയിലെത്തിയ എം എ ബേബിയാണ് പരിഗണിക്കപ്പെടാവുന്ന മറ്റൊരാള്‍. എന്നാല്‍, ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ബേബിയെ പി ബിയിലേക്കെടുത്തത്. എസ് രാമചന്ദ്രന്‍പിള്ളയെ പോലെ ദേശീയ നേതൃത്വം കൈകാര്യം ചെയ്യാന്‍ ഒരു മലയാളി. എം എല്‍ എ പദവി ഒഴിയുന്നതോടെ ബേബിയുടെ പ്രവര്‍ത്തന മണ്ഡലം പൂര്‍ണ്ണമായി ഡല്‍ഹിയിലേക്ക് മാറ്റാനാണ് നേതൃത്വം ആഗ്രഹിക്കുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബേബിയെ കൊല്ലത്ത് മത്സരിപ്പിച്ചത് തന്നെ ഇതിന് വേണ്ടിയായിരുന്നു. അതിനാല്‍ സെക്രട്ടറി പദത്തിലേക്ക് ബേബിയെ പരിഗണിക്കാനുള്ള സാധ്യത വിരളമെന്ന് ചുരുക്കം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നയാരെ യെങ്കിലും സെക്രട്ടറിപദത്തിലേക്ക് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. അങ്ങനെ വന്നാല്‍ പരിഗണിക്കപ്പെടാവുന്ന അര ഡസന്‍ നേതാക്കളെങ്കിലുമുണ്ട്.
പാര്‍ട്ടിയെന്നാല്‍ പിണറായി വിജയനും പിണറായി വിജയനെന്നാല്‍ പാര്‍ട്ടിയും എന്ന തലത്തിലേക്ക് സി പി എം വ്യാഖ്യാനിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. സംഘടനാസംവിധാനത്തെ ഇത്രമേല്‍ ചലനാത്മകമാക്കിയ മറ്റൊരാള്‍ സി പി എമ്മിന്റെ തലപ്പത്ത് വന്നിരുന്നോയെന്നത് മുന്‍കാല നേതൃത്വത്തെ അടുത്തറിഞ്ഞവര്‍ വിലയിരുത്തേണ്ടതാണ്. പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ പിണറായി വിജയന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെങ്കിലും സംഘടനാസംവിധാനത്തെ കുറ്റമറ്റതാക്കിയെന്ന കാര്യത്തെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. കാര്‍ക്കശ്യം കൂടെപിറപ്പെന്ന മട്ടിലുള്ള പിണറായിയുടെ പെരുമാറ്റം ഏറെ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടിക്കപ്പറം ഒന്നുമില്ലെന്ന വാദത്തിന്റെ ഇന്ധനമായിരുന്നു പിണറായിക്ക് ഈ കാര്‍ക്കശ്യം.
നേതൃതലത്തിലെല്ലാം താഴെ തട്ട് മുതല്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലാസമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിടത്താണ് പുതിയ സെക്രട്ടറിമാര്‍ വന്നത്. ഇതില്‍ തന്നെ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു. യുവനേതാക്കളായ പി രാജീവ് എറണാകുളത്തും കെ എന്‍ ബാലഗോപാല്‍ കൊല്ലത്തും സെക്രട്ടറിമാരായപ്പോള്‍ പുതിയൊരു തലമുറ നേതൃത്വത്തിലേക്ക് വരികയാണ്. ഈ മാറ്റം താഴെ തട്ടിലെല്ലാം പ്രകടമാണ്. കെ എന്‍ ബാലഗോപാല്‍ സെക്രട്ടറിയായ കൊല്ലം ജില്ലയില്‍ മാത്രം 140 ലോക്കല്‍ കമ്മിറ്റികളില്‍ 80 ലും പുതുമുഖ സെക്രട്ടറിമാര്‍ വന്നു. 17 ഏരിയാ സെക്രട്ടറിമാരിലും 11 പുതുമുഖങ്ങള്‍. എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും പയറ്റിത്തെളിഞ്ഞവരാണിതില്‍ ഭൂരിഭാഗമെന്നതും മറ്റൊരു പ്രത്യേകത. പുതുമുഖങ്ങളെ പാര്‍ട്ടിയുമായി ആകര്‍ഷിപ്പിക്കാനുള്ള വഴിയായി ഈ തലമുറ മാറ്റത്തെ വിലയിരുത്തുന്നവരുമുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ സോഷ്യല്‍മീഡിയകള്‍ വഴി രൂപപ്പെടുന്ന കൂട്ടായ്മകളിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. 31 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പാര്‍ട്ടിയില്‍ 25 ശതമാനം മാത്രമെന്നാണ് പാര്‍ട്ടിയുടെ രേഖയില്‍ തന്നെയുള്ളത്. 32 വയസ്സിനും 50 വയസ്സിനും മധ്യേ പ്രായമുള്ളവരാണ് പാര്‍ട്ടി അംഗങ്ങളില്‍ 46.16 ശതമാനവും. 25.79 ശതമാനം അംഗങ്ങള്‍ 51നും 70നും മധ്യേ പ്രായമുള്ളവരാണ്. 26നും 31നും മധ്യേ പ്രായമുള്ളവര്‍ 15. .91 ശതമാനം മാത്രവും. 70നു മുകളില്‍ 2.6. 5 ശതമാനം. 25 വയസ്സ് വരെ പ്രായമുള്ളവര്‍ 9.4. 8 ശതമാനം മാത്രമേയുള്ളൂ. ഈ പ്രശ്‌നത്തിന് നേതൃമാറ്റം പരിഹാരമാകുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു.
കണ്ണൂരില്‍ പതിനൊന്നും തിരുവനന്തപുരത്ത് ഒമ്പതും പുതുമുഖങ്ങളാണ് ജില്ലാകമ്മിറ്റിയിലേക്ക് വന്നത്. കണ്ണൂരില്‍ ജില്ലാകമ്മിറ്റിയിലെത്തിയവരില്‍ ഏറിയ പങ്കും യുവാക്കള്‍. പുതുതലമുറയെ പാര്‍ട്ടി തലപ്പത്ത് കൊണ്ടുവന്ന് മാറ്റത്തിന്റെ പുതിയ ദിശ നിര്‍ണയിക്കുകയാണ് സി പി എം.
സംസ്ഥാന സമ്മേളനം മലപ്പുറത്ത് നിന്ന് കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം വഴി ആലപ്പുഴയിലെത്തുമ്പോള്‍ വിഭാഗീയത പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി പങ്കുവെക്കുന്നത്. വിഭാഗീയത അവസാനിപ്പിക്കാന്‍ സ്വീകരിച്ച വഴികളെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളും ആക്ഷേപങ്ങളുമേറെയുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിമതശബ്ദങ്ങളെയെല്ലാം അടക്കിയിരുത്തുന്നതില്‍ സി പി എം വിജയിച്ചെന്ന് വേണം കരുതാന്‍.
പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളി ഉയര്‍ത്തിയ വി എസ് അച്യുതാനന്ദനെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു അടുത്ത കാലത്തെ വിഭാഗീയതകളെല്ലാം. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ വി എസിന്റെ സ്ഥാനം ഇപ്പോള്‍ എവിടെയെന്നതും ചോദ്യം ചെയ്യപ്പെടുന്നു. വി എസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടിയുടെ കഴിഞ്ഞ കാല യോഗങ്ങളുടെ ഭൂരിഭാഗം സമയവും ഉപയോഗിക്കേണ്ടി വന്നത്. വി എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം പലവട്ടം പി ബിയും സി സിയും ചേരേണ്ടി വന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങള്‍ പലതവണ വി എസിന്റെ നിലപാട് തള്ളി വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇന്ന് വി എസ് തീര്‍ത്തും നിരായുധനാണ്. കൂടെ നില്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഒപ്പം നിന്നവരെല്ലാം കളം മാറ്റുകയോ പടിപ്പുറത്താക്കുകയോ ചെയ്തു. അച്ചടക്കത്തിന്റെ വാള്‍ ആഞ്ഞ് വീശിയപ്പോള്‍ വി എസ് ഒഴികെ കൂടെയുള്ളവര്‍ക്കെല്ലാം പുറത്തേക്കുള്ള വഴി തുറന്നു. നീലേശ്വരം മുതല്‍ ഒഞ്ചിയം വരെയും കുളപ്പള്ളി മുതല്‍ ഉച്ചക്കട വരെയും നീണ്ട് നിവര്‍ന്ന് കിടക്കുകയാണ് പുറത്ത് പോയ വിമതരുടെ നിര.
വി എസ് പക്ഷമെന്നത് സി പി എമ്മില്‍ ഇന്ന് അപ്രസക്തമാണ്. പ്രതികരിക്കാനോ ഒന്നഭിപ്രായം പറയാന്‍ പോലുമോ ശക്തിയും ശേഷിയും ഇല്ല. സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ നിര്‍വികാരത്തോടെ ഇരിക്കേണ്ടി വരുന്ന വി എസ് തന്നെയാണ് പാര്‍ട്ടിയിലെ “വിഭാഗീയത” അവസാനിച്ചതിന്റെ ഏറ്റവും വലിയ തെളിവ്. മലപ്പുറം സമ്മേളനത്തില്‍ തോറ്റ് പോയെങ്കിലും കുറേ പേരെ മത്സരിക്കാന്‍ രംഗത്തിറക്കാനെങ്കിലും വി എസിന് കഴിഞ്ഞിരുന്നു. ഈ സ്ഥിതിയിലാണ് മാറ്റം വന്നത്. അവിടെയാണ് വിഭാഗീയത അവസാനിപ്പിച്ചതിന് സി പി എമ്മിന് വലിയ തെളിവ് ലഭിക്കുന്നതും.
ഓരോ ജില്ലാകമ്മറ്റികളുടെയും തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ മാത്രം മതി വി എസിനൊപ്പം നിന്നവരെ നിലംപരിശാക്കിയെന്ന് ബോധ്യമാകാന്‍. ഓരോതലത്തിലും വി എസിന്റെ നിലപാടുകളെ പൂര്‍ണമായി തള്ളിക്കളയുകയായിരുന്നു. എറണാകുളം ജില്ലാ കമ്മറ്റിയിലെ വി എസ് പക്ഷത്തിന്റെ അപ്രമാതിത്വം പൂര്‍ണമായി ഇല്ലാതാക്കി. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ നേരത്തെ നടപടിക്ക് വിധേയനായ ഗോപി കോട്ടമുറിക്കല്‍ ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തിയതും വി എസ് വിഭാഗത്തിന് ആഘാതമായി. അന്ന് കോട്ടമുറിക്കലിനെതിരെ പരാതി കൊടുത്ത കെ ഒ ചാക്കോച്ചനെ കൂടി ജില്ലാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാത്രമാണ് ആശ്വാസം. കോഴിക്കോട് ജില്ലയില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്ന പി മോഹനനെ തന്നെ സെക്രട്ടറിയാക്കിയാണ് പാര്‍ട്ടി അദ്ദേഹത്തെ പിന്തുണച്ചത്.

വിമതസ്വരമുയര്‍ത്തിയവരെയെല്ലാം തിരിച്ച് കൊണ്ടുവരാനുള്ള ശ്രമവും സി പി എം ഊര്‍ജിതമാക്കിയിട്ടുണ്ട്. പുതിയ സ്വരങ്ങള്‍ ഉയരുന്നിടങ്ങളിലെല്ലാം അത് തണുപ്പിക്കാനുള്ള നീക്കവും നടക്കുന്നു. ഏറ്റവുമൊടുവില്‍ ആലപ്പുഴയില്‍ എ എം ആരിഫിനെ കേന്ദ്രീകരിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ നടത്തിയ ഇടപെടല്‍ ഉദാഹരണം. പാലക്കാട് ജില്ലയിലും കൊയിലാണ്ടിയിലും സമാന ഇടപെടല്‍ മുമ്പും നടത്തിയിരുന്നു. പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്ത് പോയ ഷൊര്‍ണ്ണൂരിലെ എം ആര്‍ മുരളിയെയും സംഘത്തെയും പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞതും നേതൃത്വത്തിന്റെ നേട്ടമായി വിലയിരുത്താം.

---- facebook comment plugin here -----

Latest