Connect with us

Kerala

നിരന്തരം സ്ഥലം മാറ്റത്തിന് വിധേയനായ യുവ ഡോക്ടര്‍ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മരിച്ചു

Published

|

Last Updated

നിലമ്പൂര്‍: നിരന്തരം സ്ഥലം മാറ്റത്തിന് വിധേയനായ യുവ ഡോക്ടര്‍ കാറില്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെ രക്ത സമര്‍ദത്തെ തുടര്‍ന്ന് മരിച്ചു. മമ്പാട് വടപ്പുറം പുള്ളിച്ചോല മുഹമ്മദിന്റെ മകന്‍ ഡോ. പി സി ഷാനവാസ് (34)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നിന്നും ബന്ധുവിനോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങും വഴി എടവണ്ണയിലെത്തിയപ്പോള്‍ ഡോക്ടര്‍ ചര്‍ദിച്ചതായി പറയുന്നു. ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നിദ്ദേഹം.
ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്. രോഗിയെ അശ്രദ്ധമായി പരിശോധിച്ചുവെന്നുള്ള ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്തി. ശേഷം വര്‍ക്കിംഗ് അറേജ്‌മെന്റില്‍ മമ്പാട്, വണ്ടൂര്‍, കരുളായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നു. കരുളായിയില്‍ ജോലി ചെയ്യുന്നതിനിടെ ഗുഹവാസികളായ ചോലനായ്ക്കര്‍ക്കിടയിലെത്തി ആരോഗ്യപ്രവര്‍ത്തനത്തില്‍ സജീവമായി. ആദിവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതായി സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നതിനിടെ ഇദ്ദേഹത്തെ പാലക്കാട് കാഞ്ഞിരപ്പുഴ ഡാം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. നാട്ടിലേക്ക് സ്ഥലമാറ്റത്തിന് ശ്രമം നടത്തിവരുന്നതിനിടെ കഴിഞ്ഞ ആഴ്ച മണ്ണാര്‍ക്കാട് ശിരുവാണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം ശിരുവാണിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. രക്ത സമര്‍ദവും ഒപ്പം ഉണ്ടായ ചര്‍ദിയില്‍ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുരുങ്ങിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാതാവ്: ജമീല (ദമാം), സഹോദരങ്ങള്‍: ഡോ. ഷിനാസ് ബാബു, ഡോ. ഷമീല. ഖബറടക്കം ഇന്ന് രാവിലെ 11ന് വടപുറം ജുമാമസ്ജിദില്‍.

സേവനപ്രവര്‍ത്തനങ്ങളിലെ ചിത്രങ്ങള്‍

1234shanu

Latest