Connect with us

Kerala

വീണ്ടും കടുവ ആക്രമണം; യുവതി കൊല്ലപ്പെട്ടു

Published

|

Last Updated

ഗൂഡല്ലൂര്‍: കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ബിദര്‍ക്കാട് കൈവെട്ട സ്വദേശി ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി (33) ആണ് മരിച്ചത്. കടുവയെ തേടുന്നതിനിടെ പ്രദേശവാസിയായ യുവാവിനെ കടുവ ആക്രമിച്ചു. ബിദര്‍ക്കാട് ചെറുകുന്ന് സ്വദേശി രാജന്റെ മകന്‍ രതീഷ് (28) ആണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തമിഴ്‌നാട്- കേരള അതിര്‍ത്തിയിലെ പാട്ടവയല്‍ ചോലക്കടവില്‍ സ്വകാര്യ വ്യക്തിയുടെ തേയില തോട്ടത്തില്‍ തേയില പറിച്ചുകൊണ്ടിരിക്കെയാണ് യുവതിയെ കടുവ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാലല്ലാതെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാര്‍ മൃതദേഹവുമായി ബിദര്‍ക്കാടില്‍ പ്രതിഷേധിച്ചു. ഗൂഡല്ലൂര്‍- സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയിലും ഉപരോധം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം നൂല്‍പ്പുഴ മൂക്കുത്തികുന്നിലെ സുന്ദരത്ത് വീട്ടില്‍ ഭാസ്‌കരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കടുവയാണ് ഇവരെ ആക്രമിച്ചത്. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ പി ശങ്കര്‍, ഡി ആര്‍ ഒ ഭാസ്‌കരപാണ്ഡ്യന്‍, എ ഡി എസ് പി കാര്‍ത്തികേയന്‍, ആര്‍ ഡി ഒ ഇന്‍ചാര്‍ജ് രാജ്കുമാര്‍, ഡി എഫ് ഒ തേജസ് വി എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കടുവയെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. മക്കള്‍: സത്യശീലന്‍, രഞ്ജിത്ത് കുമാര്‍, പ്രവീണ്‍കുമാര്‍.

Latest