Connect with us

Kerala

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: വേനലിന് കടുപ്പമേറും മുമ്പ് തന്നെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ വര്‍ധന വന്നതോടെ ഇത്തവണ പ്രതിസന്ധി കൂടുമെന്ന് കെ എസ് ഇ ബി ലിമിറ്റഡിന്റെ വിലയിരുത്തല്‍. സംഭരണികളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ കുറയുന്നതും ബോര്‍ഡിന്റെ ആശങ്ക കൂട്ടുന്നു.

ഏപ്രില്‍, മെയ് മാസങ്ങളിലെ ആവശ്യകത എങ്ങനെ നിറവേറ്റുമെന്ന ആലോചനയിലാണ് ബോര്‍ഡ്. പുറത്തു നിന്നുള്ള വൈദ്യുതിയുടെ ലഭ്യതക്കുറവും ലഭിച്ചാല്‍ തന്നെ കൊണ്ടുവരാന്‍ ലൈന്‍ ശേഷി ഇല്ലാത്തതും ഇത്തവണയും തിരിച്ചടിയാകും. പുറത്തുനിന്ന് മതിയായ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് മൂലംമറ്റം പവര്‍ഹൗസില്‍ ഉത്പാദനം കൂട്ടിയാണ് ആവശ്യം നിറവേറ്റിയത്.
വേനല്‍ക്കാലത്ത് കുറഞ്ഞ നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ നേരത്തെ തന്നെ ബോര്‍ഡ് കരാറുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ദക്ഷിണ വൈദ്യുതി ഇടനാഴിയിലെ തിരക്ക് കേരളത്തിലെ വൈദ്യുതി വരവ് തടസ്സപ്പെടുത്തും. ഇന്ധന വിലയിലെ കുറവ് കായംകുളത്തെ ഉത്പാദനം കൂട്ടാന്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇവിടെ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ഇന്ധന വിലയിലെ കുറവ് സഹായിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കു കൂട്ടല്‍. കഴിഞ്ഞ സീസണില്‍ യൂനിറ്റിന് പതിമൂന്ന് രൂപക്ക് വാങ്ങിയ വൈദ്യുതിക്ക് ഇത്തവണ യൂനിറ്റിന് ഏഴ് രൂപയില്‍ കൂടില്ലെന്നാണ് പ്രതീക്ഷ.
മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകാറുള്ള ഉപഭോഗം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ രേഖപ്പെടുത്തിയതാണ് ബോര്‍ഡിന്റെ ആശങ്ക കൂട്ടുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ചൂട് വര്‍ധിക്കുകയും പരീക്ഷാ സീസണ്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് നീങ്ങും.
ജനുവരിയുടെ തുടക്കത്തില്‍ പ്രതിദിന വൈദ്യുതി ഉപഭോഗം ശരാശരി 58 മില്യണ്‍ യൂനിറ്റ് ആയിരുന്നെങ്കില്‍ മാസാവസാനത്തോടെ അത് അറുപത് മില്യണ്‍ യൂനിറ്റ് ആയി ഉയര്‍ന്നു. ഫെബ്രുവരി പകുതിയായോടെ ഇത് 62 മില്യണ്‍ യൂനിറ്റിനു മുകളിലെത്തി. മാര്‍ച്ച് പകുതിയോടെ ഇത് എഴുപത് മില്യണ്‍ യൂനിറ്റ് കടക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കു കൂട്ടല്‍. കഴിഞ്ഞ സീസണിലെ ഏറ്റവും കൂടിയ ഉപഭോഗമായ 68 മില്യണ്‍ യൂനിറ്റ് മാര്‍ച്ചിലാണ് രേഖപ്പെടുത്തിയത്. നിലവില്‍ പ്രതിദിനം മുപ്പത് മില്യണ്‍ യൂനിറ്റ് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുത്. ആവശ്യമായ ശേഷിക്കുന്ന വൈദ്യുതി കൂടിയ വിലക്ക് പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
പ്രതിദിന ഉത്പാദനം ഇരുപത് മില്യണ്‍ യൂനിറ്റില്‍ പരിമിതപ്പെടുത്തിയാല്‍ ജൂണ്‍ വരെ ഉത്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ട്. ഇടുക്കിയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് മെച്ചപ്പെട്ടതാണെങ്കിലും ഉത്പാദനം വര്‍ധിച്ചത് സ്ഥിതി പരുങ്ങലിലാക്കും. ഇടുക്കി സംഭരണിയിലെ ജലം ഉപഭോഗം വര്‍ധിക്കുകയും വേനല്‍ രൂക്ഷമാകുകയും ചെയ്യുന്ന സന്ദര്‍ഭത്തിലേക്കുള്ള കരുതല്‍ ശേഖരമായാണ് ഉപയോഗിക്കുന്നത്.
എന്നാല്‍, ഇക്കുറി വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടുക്കിയിലെ ഉത്പാദനം വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം ശരാശരി ആറ് മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന മൂലമറ്റത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഉത്പാദനം ഒമ്പത് മില്യണ്‍ യൂനിറ്റായി ഉയര്‍ത്തേണ്ടിവന്നു.