Connect with us

National

പാക് ബോട്ട് സേന തകര്‍ത്തതല്ല; സ്വയം കത്തിയതെന്ന് ഡിഐജിയുടെ തിരുത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പുതുവര്‍ഷ ദിനത്തില്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാന്‍ ബോട്ട് തകര്‍ന്നത് സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക്. തീര സേനാ ഡിഐജി ബി കെ ലോഷാലി താന്‍ പറഞ്ഞിട്ടാണ് ബോട്ട തകര്‍ത്തതെന്ന് പറയുന്ന വീഡിയോ പുറത്തുവന്നു. ഇന്ത്യന്‍ സമുദ്രാതിയിര്‍ത്തിയില്‍ പ്രവേശിച്ച ബോട്ട് താന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് തകര്‍ത്തതെന്നും അല്ലാതെ അവര്‍ക്ക് ബിരിയാണി നല്‍കലല്ല തങ്ങളുടെ ജോലിയെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

ഒരു ഇംഗ്ലീഷ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. തീരസംരക്ഷണ സേനയുടെ ഒരു പരിപാടിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഷാലിയുടെ വാക്കുകള്‍. എന്നാല്‍ ഇത് വിവാദമായതോടെ അദ്ദേഹം തിരുത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബോട്ട് ഭീകരര്‍ തന്നെ കത്തിക്കുകയായിരുന്നെന്നും ഡിഐജി പറഞ്ഞു. തനിക്ക് ഇതിന്റെ ചുമതല ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രം ഡിഐജിയുടെ വാക്കുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് വിശദീകരണവുമായി തീരസംരക്ഷണ സേനയും രംഗത്തെത്തി.
ബോട്ടിലുണ്ടായിരുന്നവര്‍ സ്വയം കത്തിക്കുകയായിരുന്നെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും വ്യക്തമാക്കി.

പാകിസ്താനിലെ കറാച്ചിക്ക് സമീപത്ത് നിന്ന് രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ട വിവരം ഇന്റലിജന്‍സ് ഡിസംബര്‍ 31ന് തീരസംരക്ഷണ സേനയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ജനുവരി 1ന് പുലര്‍ച്ചെ ഗുജറാത്തിലെ പോര്‍ബന്തറിന് 365 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ബോട്ട് തകര്‍ന്നത്. തീരസംരക്ഷണ സേന തടയാന്‍ ശ്രമിക്കുന്നതിനിടെ ബോട്ടിലുണ്ടായിരുന്നവര്‍ സ്വയം സ്‌ഫോടനം നടത്തി ബോട്ട് തകര്‍ത്തു എന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മുംബൈ ഭീകരാക്രമണം പോലെയുള്ള ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരായിരിക്കാം ബോട്ടിലുണ്ടായിരുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

Latest