Connect with us

Kerala

വിഎസിനെതിരെ കടുത്ത ഭാഷയില്‍ പിണറായി; അയാള്‍ പറഞ്ഞതൊക്കെ തള്ളുന്നുവെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം;സമ്മേളന ചൂടില്‍ നില്‍ക്കുന്ന സി പി എമ്മില്‍ അപ്രതീക്ഷിത പൊട്ടിത്തെറി. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പരസ്യ പ്രതികരണവുമായി നേര്‍ക്കുനേര്‍ വന്നതോടെ സി പി എം രാഷ്ട്രീയത്തില്‍ സ്ഥിതി സ്‌ഫോടനാത്മകമായി. സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിനെതിരെ വി എസ് നല്‍കിയ വിയോജന കുറിപ്പ് കേന്ദ്രീകരിച്ചാണ് പുതിയ ഏറ്റുമുട്ടല്‍. തരംതാണ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന വി എസ് അച്യുതാനന്ദന്‍ അച്ചടക്കലംഘനം തുടരുകയാണെന്ന് പിണറായി വിജയന്‍ തുറന്നടിച്ചപ്പോള്‍, “അയാള്‍” പറയുന്നതിനെ അവജ്ഞയോടെ തള്ളുകയാണെന്ന് വി എസും തിരിച്ചടിച്ചു. പ്രതിസന്ധിയുടെ ആഴം ഈ വാക്കുകളില്‍ തന്നെ വ്യക്തം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ശേഷമാണ് വി എസിന്റെ നിലപാട് തള്ളുന്ന പ്രമേയം അംഗീകരിച്ചത്. വിയോജന കുറിപ്പ് എന്ന പേരില്‍ വി എസ് നല്‍കിയ കത്ത് സംസ്ഥാന കമ്മിറ്റി തള്ളിയതാണെന്നും പി ബിക്ക് കൈമാറിയത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം വാര്‍ത്താസമ്മേളനം നടത്തിയാണ് പിണറായി വിശദീകരിച്ചത്. വി എസ് നേരത്തെ ഉയര്‍ത്തിയ കാര്യങ്ങള്‍ തന്നെയാണ് കുറിപ്പിലുള്ളതെന്നും ഇത് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കിയ വിഷയങ്ങളാണെന്നും പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ വി എസിനെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടിയും ഇതിന് ആധാരമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രമേയവും ഉദ്ധരിച്ചായിരുന്നു വി എസിനെ കടുത്തഭാഷയില്‍ പിണറായി വിമര്‍ശിച്ചത്. പിണറായിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെ വി എസും മാധ്യമങ്ങളെ കണ്ടു. സമ്മേളന കാലത്ത് അച്ചടക്ക നടപടികള്‍ പാടില്ലെന്നും ഇപ്പോഴെന്തോ എനിക്കെതിരെ നടപടി സ്വീകരിച്ചെന്നാണ് അയാള്‍ പറയുന്നതെന്നും വി എസ് പരിഹസിച്ചു. പിണറായിയുടെ വിമര്‍ശങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും വി എസ് പറഞ്ഞു.
ഇന്ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനം ലക്ഷ്യമിട്ടാണ് ഇക്കാര്യത്തിലുള്ള ഇരുനേതാക്കളുടെയും ഇടപെടല്‍. സമ്മേളന ചര്‍ച്ചകളുടെ ദിശനിര്‍ണയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. വി എസിനെതിരെ നിശിത വിമര്‍ശങ്ങള്‍ അടങ്ങിയ പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതാണ് വി എസിനെ പ്രകോപിപ്പിച്ചത്. സമ്മേളനത്തില്‍ തനിക്കെതിരെ ഏകപക്ഷീയ ആക്രമണം നടക്കുമെന്ന് കണ്ടതോടെ സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള വിയോജനക്കുറിപ്പ് വി എസും സംസ്ഥാന കമ്മിറ്റിക്ക് നല്‍കി. സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും ഇത് ചര്‍ച്ച ചെയ്ത് തള്ളി. ഇതിന് പിന്നാലെ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഗുരുതരമായ വിഷയമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് കൈമാറി. വി എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം.
മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകളില്‍ ഇത് ഉയര്‍ന്നു വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നതും വി എസിന്റെ നിലപാടുകള്‍ അച്ചടക്കലംഘനമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതും. വി എസ് ഉയര്‍ത്തിയ വിഷയങ്ങളില്‍ പുതുമയൊന്നുമില്ലെന്നും എല്ലാം ചര്‍ച്ച ചെയ്ത് നിലപാടെടുത്ത വിഷയങ്ങളാണെന്നും സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം അടിവരയിടുന്നു. മാത്രമല്ല, ഡോ. ടി എം തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കളെ ബന്ധപ്പെടുത്തി വിഭാഗീയമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം കൂടി നേതൃത്വം ഉയര്‍ത്തിയെന്നതും ശ്രദ്ധേയമാണ്.
സെക്രട്ടേറിയറ്റ് തീരുമാനം വന്നതിന് പിന്നാലെ വി എസ് തിരിച്ചടിച്ചതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. ഇങ്ങനെയൊരു നിലപാട് വി എസില്‍ നിന്ന് നേതൃത്വം പ്രതീക്ഷിച്ചതല്ല. പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന നിലപാട് വി എസ് സ്വീകരിച്ചപ്പോഴും പരസ്യപ്രസ്താവനയിലൂടെ പാര്‍ട്ടി വി എസിനെ തിരുത്തിയിരുന്നു. ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തൊട്ടുമുമ്പാണ് വി എസ് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നത്.