Connect with us

Alappuzha

ഏകനായ് വി എസ്, സ്വാഗതപ്രസംഗത്തില്‍ ഒളിയമ്പ്

Published

|

Last Updated

ആലപ്പുഴ: പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ചും പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തുവന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മേളനത്തിന്റെ ആദ്യദിവസം തീര്‍ത്തും ഏകനായിരുന്നു. രാവിലെ സമ്മേളനത്തിന് പുറപ്പെടും മുമ്പ് തന്നെ മാധ്യമപ്രവര്‍ത്തകര്‍ വേലിക്കകത്ത് വീട്ടിലെത്തിയെങ്കിലും ഒന്നും പ്രതികരിക്കാതെ സമ്മേളന നഗറിലെത്തി. ഒറ്റക്ക് ഇരുന്ന വി എസുമായി അടുക്കാനോ സംസാരിക്കാന്‍ പോലുമോ നേതാക്കള്‍ മടിച്ച് നിന്നു. സമ്മേളന സ്ഥലത്ത് ഒറ്റക്കായിരുന്നു പതാക ഉയര്‍ത്തലിന് ശേഷം സമ്മേളന വേദിയിലെത്തിയ വി എസ് ഒന്നാംനിരയില്‍ തന്നെ ഇരുന്നെങ്കിലും ആരും കൂടെ ഇരുന്നില്ല. അകലം പാലിച്ച് തന്നെയെന്ന മട്ടില്‍ പിണറായി വിജയന്‍ മൂന്നാം നിരയിലേക്ക് മാറി. കോടിയേരി ബാലകൃഷ്ണന്‍ രക്തസാക്ഷി പ്രമേയം അവതരിക്കുമ്പോള്‍ വി എസ് ഉറക്കത്തിലേക്ക് വീണു. മൗനമാചരിക്കാന്‍ എല്ലാവരും എഴുന്നേറ്റപ്പോള്‍ ഒന്നുമറിയാതെ ഇരുന്ന വി എസിനെ ഉണര്‍ത്താന്‍ പോലും ആരും തയ്യാറായില്ല. വി എസ് ഏകനായി ഇരിക്കുന്നതില്‍ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍ മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ അടുത്ത് വന്നിരുന്നത്. ജി സുധാകരന്റെ സ്വാഗത പ്രസംഗത്തിലും വി എസിനോടുള്ള വിമുഖത പ്രകടമായിരുന്നു. പിണറായി വിജയനെ വാനോളം പുകഴ്ത്തിയപ്പോള്‍ പ്രതിനിധികളുടെ നിറഞ്ഞ കയ്യടിയും.

Latest