Connect with us

International

ഇസില്‍ വിരുദ്ധയുദ്ധം മുറുകുന്നു; ഫ്രാന്‍സിന്റെ യുദ്ധക്കപ്പല്‍ ഗള്‍ഫ് കടലിലെത്തി

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ തീവ്രവാദികളെ നേരിടുന്നതിന് വേണ്ടി എന്ന പേരില്‍ ഫ്രാന്‍സിന്റെ ഭീമന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫ് കടലിലെത്തി. അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാഖിലെയും സിറിയയിലെയും തീവ്രവാദികളെ നേരിടുന്നതിന് വേണ്ടി ഇന്നലെയാണ് കപ്പല്‍ ഗള്‍ഫ് കടലിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാരീസില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം, തീവ്രവാദത്തിനെതിരെ രാജ്യം ശക്തമായി പോരാടുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു. യുദ്ധക്കപ്പലില്‍ നിന്ന് റോക്കറ്റാക്രമണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ നാല് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇതില്‍ നിന്ന് പറന്നുപൊങ്ങി ബഹ്‌റൈന്‍ കടല്‍ വഴി ഇറാഖ് ഭാഗത്തേക്ക് പോയിരുന്നു. ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്ത ശേഷം ഈ യുദ്ധക്കപ്പല്‍ ഇന്ത്യയിലേക്ക് എത്തുമെന്നും ഇവിടെ സൈനികാഭ്യാസങ്ങളില്‍ ഇന്ത്യന്‍ തീരദേശസൈന്യത്തോടൊപ്പം പങ്കെടുക്കുമെന്നും വാര്‍ത്തകളുണ്ട്. ഏപ്രില്‍ മധ്യത്തോടെയായിരിക്കും സൈനിക അഭ്യാസം നടക്കുക.
12 റാഫേല്‍ യുദ്ധവിമാനങ്ങളും ഒമ്പത് സൂപ്പര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന യുദ്ധക്കപ്പല്‍ പ്രദേശത്ത് ഫ്രാന്‍സിന് കൂടുതല്‍ ആധിപത്യം നല്‍കുന്നതാണ്. ഇതിന് പുറമെ യു എ ഇയില്‍ ഒമ്പത് റാഫേല്‍ യുദ്ധവിമാനങ്ങളും ജോര്‍ദാനില്‍ ആറ് മിറാഷ് യുദ്ധവിമാനങ്ങളും നിലവില്‍ ഇസിലിനെതിരെ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്. യു എ ഇയിലെ ഫ്രഞ്ച് വ്യോമ കേന്ദ്രത്തിലെത്തി ഇന്ധനം നിറക്കുന്ന നടപടി യുദ്ധക്കപ്പലിന്റെ വരവോടെ നിര്‍ത്തിവെക്കും.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിലെയും സിറിയയിലെയും ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ഇതിനകം രണ്ടായിരത്തിലധികം വ്യോമാക്രമണങ്ങള്‍ നടത്തി. പ്രധാനപ്പെട്ട എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ കൈവശം വെച്ച ഇസിലിനെതിരെ കുര്‍ദിഷ് സൈന്യത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാഖിലെ തന്ത്രപ്രധാനമായ മൊസൂള്‍ നഗരം ഇപ്പോള്‍ ഇസിലിന്റെ നിയന്ത്രണത്തിലാണ്. അടുത്ത മാസം മധ്യത്തോടെ ഈ നഗരം തിരിച്ചുപിടിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Latest