Connect with us

National

ഭൂമിയേറ്റെടുക്കല്‍ ബില്‍ സഭയില്‍;പ്രതിപക്ഷം ഒറ്റക്കെട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭൂമിയേറ്റെടുക്കല്‍ സുഗമമാക്കുന്നതിനും നഷ്ടപരിഹാരം, പുനരധിവാസം എന്നിവ വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ഗ്രാമവികസന മന്ത്രി ബീരേന്ദര്‍ സിംഗാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര്‍ഷകതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. കോണ്‍ഗ്രസ്, എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്, എ എ പി, ആര്‍ ജെ ഡി, ഇടത് അംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ലിനെതിരെ രാജ്യസഭയിലും പ്രതിഷേധം അരങ്ങേറി.
കാര്‍ഷക താത്പര്യങ്ങള്‍ ഹനിക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ ഡി എ ഘടകകക്ഷിയായ സ്വാഭിമാനി ശേത്കാരി സംഘടന നേതാവ് രാജു ഷെട്ടി രംഗത്തെത്തി. എന്‍ ഡി എ ഘടക കക്ഷിയായ ശിവസേനയും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ബില്ലിലെ എല്ലാ വ്യവസ്ഥകളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ച് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.
ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയതോടെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാട് ചെയര്‍മാന്‍ സ്വീകരിച്ചു. നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുള്ള ആറ് ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വെച്ചത് ഓര്‍ഡിനന്‍സ് രാജ് ആണെന്നും ഇതിലൂടെ പാര്‍ലിമെന്റിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത് നിഷേധിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് ഭരണകാലത്ത് എഴുപതിലധികം ഓര്‍ഡിനന്‍സുകളാണ് ഇത്തരത്തില്‍ കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി.
കര്‍ഷകതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രക്ഷോഭം തുടരുകയാണ്. ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതിനിടെ, പ്രതിഷേധം തണുപ്പിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എട്ടംഗ സമിതിക്ക് രൂപം നല്‍കി.
2013ല്‍ യു പി എ സര്‍ക്കാറാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കിയത്. 2014 ഡിസംബറില്‍ മോദി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതികള്‍ കൊണ്ടുവന്നു. മാര്‍ച്ച് ഇരുപതിന് ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുമെന്നതിനാല്‍ ദേഭഗതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായാണ് ബില്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
പദ്ധതികള്‍ക്കായി ഭൂമി ഏറ്റടെുക്കുന്നതിനു മുമ്പ് സാമൂഹിക ആഘാത പഠനം നടത്തുക, എണ്‍പത് ശതമാനം ഭൂവുടമകളുടെ സമ്മതം നേടുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നിയമം പാസ്സാക്കിയത്. നഗരവികസനത്തിനും വ്യാവസായിക വളര്‍ച്ചക്കും തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയായിരുന്നു.

---- facebook comment plugin here -----

Latest