Connect with us

National

മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ കന്നി ബജറ്റ് ശനിയാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ കന്നി ബജറ്റില്‍ വാണിജ്യ വ്യവസായ മേഖലക്ക് പുത്തനുണര്‍വുണ്ടാകുന്നതിന് ഉതകുന്ന പരിഷ്‌കാരങ്ങള്‍ക്ക് മുന്‍തൂക്കമെന്ന് സൂചന. ഇടത്തരക്കാര്‍ക്ക് നികുതിയിളവുകള്‍ ഉള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.
ഈ മാസം 28നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഒട്ടേറെ പുതുമകളോടെ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുക. ആദായ നികുതി പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം സജീവമായി പരിഗണിക്കുന്നുണ്ട്. നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെ വന്‍ നികുതി കിഴിവുകള്‍ പൊതു ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് മന്ത്രാലയവുമായി ബന്ധമപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സബ്‌സിഡി ചെലവുകള്‍ കുറക്കുകയും നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടെ ആദായ നികുതി നിരക്കുകളില്‍ കാര്യമായ ഇളവ് ലഭ്യമാക്കാമും ഇടത്തരക്കാരുടെ പിന്തുണ ആര്‍ജിക്കാനുമാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. നിലവില്‍ ആദായനികുതി പരിധി ഇപ്പോള്‍ രണ്ടര ലക്ഷം രൂപയാണ്. ഇത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്താനാണ് സാധ്യത.
ഇതോടൊപ്പം, നികുതി കിഴിവുകള്‍ ലഭിക്കുന്ന നിക്ഷേപങ്ങളുടെ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോഴിത് ഒന്നര ലക്ഷം രൂപയാണ്. നികുതി കിഴിവ് ലഭിക്കുന്ന നിക്ഷേപങ്ങളുടെ പരിധി കൂട്ടിയാല്‍ സാധാരണക്കാരുടെ സമ്പാദ്യങ്ങള്‍ ഉയരുമെന്നും ഈ നിക്ഷേപം വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാറിന് മുതല്‍ക്കൂട്ടാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ് ബേങ്ക് ഗവര്‍ണറും ഇതിനനുകൂലമായാണ് പ്രതികരിച്ചത്. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി ഇറക്കുന്ന കടപ്പത്രങ്ങളിലെ നിക്ഷേപ പരിധി 50,000മായി ഉയര്‍ത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുടെ തിരിച്ചടവ്, പലിശ എന്നിവക്കുള്ള ഇളവുകളും വിദ്യാഭ്യാസ ചെലവ്, മാസ ശമ്പളക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന യാത്രപ്പടി എന്നിവക്ക് ലഭിക്കുന്ന ഇളവുകളും ഉയര്‍ത്തുന്ന കാര്യം ധനകാര്യ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്. സാമൂഹിക സുരക്ഷ മുന്നില്‍ക്കണ്ട് പെന്‍ഷന്‍ നിധികളിലെ നിക്ഷേപങ്ങള്‍ക്ക് പ്രത്യേക ഇളവ് കൊണ്ടുവരാനും ആലോചന നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest