Connect with us

National

കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിഡിപി-ബിജെപി ധാരണയായി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിഡിപിയും ബിജെപിയും ധാരണയിലെത്തി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇതോടെ രണ്ട് മാസമായി കാശ്മീരില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമാകും.
കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സമവായത്തില്‍ എത്തിച്ചേര്‍ന്നെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഫ്തി അറിയിച്ചു. കാശ്മീരില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം കൊണ്ട് ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ഒന്നിനായിരിക്കും മുഫ്തിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. ബിജെപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പലപ്രശ്‌നങ്ങളിലും ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്. എങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇരു പാര്‍ട്ടികളും തീരമാനിക്കുകയായിരുന്നു. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28-ഉം ബിജെപിക്ക് 25-ഉം എംഎല്‍എമാരുമാണുള്ളത്.