Connect with us

National

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.18 രൂപയും ഡീസല്‍ ലിറ്ററിന് 3.09 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി പ്രബല്യത്തില്‍ വന്നു. കഴിഞ്ഞ രണ്ട് മാസമായി കുറയുന്ന പ്രവണതയിലായിരുന്ന ക്രൂഡ് വില ഇപ്പോള്‍ മുകളിലേക്ക് പോകുകയാണെന്ന ന്യായമാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും വിലവര്‍ധനവിന് കാരണമായി ഉയര്‍ത്തിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി കുറച്ച ഇന്ധന വില ഫെബ്രുവരി മധ്യത്തില്‍ നേരിയ തോതില്‍ ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞപ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നത്. കഴിഞ്ഞ നവംബറിന് ശേഷം നാല് തവണയാണ് എക്‌സൈസ് നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ആഗസ്റ്റിന് ശേഷം പെട്രോള്‍ വില തുടര്‍ച്ചയായി പത്ത് തവണയും ഡീസല്‍ വില ഒക്‌ടോബറിന് ശേഷം ആറ് തവണയും കുറച്ചിരുന്നു. ഏറ്റവും അവസാനമായി ഫെബ്രുവരി ആദ്യം പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്.
അതേസമയം, ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായ ഇടിവില്‍ നിന്ന് കരകയറിത്തുടങ്ങിയിട്ടുണ്ട്. ബാരലിന് അമ്പത് ഡോളറിന് താഴെ വരെയായിരുന്ന വില അറുപത് ഡോളറിന് മുകളിലേക്ക് കയറിക്കഴിഞ്ഞു. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില അറുപത് ശതമാനം വരെ താഴ്ന്ന് 45.19 ഡോളര്‍ വരെ എത്തിയിരുന്നു.

Latest