Connect with us

International

റഷ്യന്‍ പ്രതിപക്ഷ നേതാവിനെ വെടിവെച്ചു കൊന്നു

Published

|

Last Updated

മോസ്‌കോ: റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ക്രംലിനിലാണ് സംഭവം. സര്‍ക്കാറിനെതിരെ ഇന്ന് ഒരു പ്രതിഷേധ പരിപാടി നടത്താനിരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിട്ടാണ് ബോറിസ് നെംത്സോവ് അറിയപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ക്രൂരമായ കൊലപാതകമെന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്. പാശ്ചാത്യന്‍ രാജ്യങ്ങളും ഈ സംഭവത്തെ വഌദിമിര്‍ പുടിനെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, സംഭവം വളരെ ആസൂത്രിതമാണെന്നും സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശത്രുക്കള്‍ നടത്തിയ കൊലപാതകമാണ് ഇതെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പുടിന്‍, സമഗ്രമായ അന്വേഷണത്തിനും ഉത്തരവിട്ടു. റഷ്യയിലെ ഏറ്റവും ഉന്നതനായ അന്വേഷണ ഉദ്യോസ്ഥന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും പുടിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
55 കാരനായ ബോറിസ് നെംത്സോവ് മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കിഴക്കന്‍ ഉക്രൈനില്‍ സംഘര്‍ഷത്തിന് ഹേതുവായ റഷ്യന്‍ വിമതരുടെ ആക്രമണങ്ങളില്‍ റഷ്യ നേരിട്ട് ഇടപെട്ടിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കൊലപാതകം. എന്നാല്‍ കൊലപാതകത്തില്‍ റഷ്യന്‍ അധികൃതര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെ അധികൃതര്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തിലാണെന്നും വളരെ പ്രകോപനപരമായ നടപടിയാണ് ഇതെന്നും പുടിന്‍ വ്യക്തമാക്കി.
ബോറിസ് നെംത്സോവ് കൊല്ലപ്പെട്ട സ്ഥലത്ത് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു. ബോള്‍ഷോയ് കാമന്നി പാലം മുറിച്ചുകടക്കുന്നതിനിടെയാണ് ബോറിസ് നെംത്സോവിന് വെടിയേറ്റത്. നാല് വെടിയുണ്ടകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തിലേറ്റതായും ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേല്‍ക്കുന്ന സമയത്ത് ഇദ്ദേഹത്തോടൊപ്പം ഒരു ഉക്രൈന്‍ വനിതയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്റെ അപര്യാപ്തതയും അഴിമതിയും തെറ്റായ ഉക്രൈന്‍ പദ്ധതിയും നിശിതമായ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ബോറിസ് നെംത്സോവ്.
സംഭവത്തെ കുറിച്ച് കൃത്യവും വിവേചനങ്ങളുമില്ലാത്ത മികച്ച അന്വേഷണം നടത്തണമെന്ന് റഷ്യന്‍ സര്‍ക്കാറിനോട് ഒബാമ ആവശ്യപ്പെട്ടു. റഷ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒബാമ അനുശോചിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ ഒരു അഭിമുഖത്തില്‍, 86 കാരിയായ തന്റെ മാതാവ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭയമുണ്ടായിരുന്നുവെങ്കില്‍ പ്രതിപക്ഷപാര്‍ട്ടിക്ക് നേതൃത്വം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ ഒരു റേഡിയോ അഭിമുഖത്തില്‍, ഉക്രൈനിനെതിരെ യുദ്ധം ചെയ്യുന്ന പുടിന്റെ നയത്തെ ഭ്രാന്തമെന്നും അതിക്രമമെന്നും നശിച്ച നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. രാജ്യത്തിന് ആവശ്യം രാഷ്ട്രീയ പുരോഗതിയാണ്. അധികാരം മുഴുവന്‍ ഒരാളുടെ കൈവശം ആയതിനാല്‍ ഇത് വലിയ തകര്‍ച്ചയിലേക്കും ദുരന്തത്തിലേക്കും നയിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
റഷ്യക്കും ഉക്രൈനിനും ഇടയിലെ പാലമെന്നാണ് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പോറോഷെന്‍ങ്കോ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. നേരത്തെ തന്നെ ഇദ്ദേഹത്തിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നതായും എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും ബോറിസ് നെംത്സോവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Latest