Connect with us

National

കടിഞ്ഞാണില്ലാതെ കടം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക കുതിപ്പിലാണെന്നും മാന്ദ്യം മറികടന്നെന്നും അവകാശപ്പെടുമ്പോഴും കടത്തെ ആശ്രയിക്കുന്നതില്‍ ഒരു മാറ്റവുമില്ലെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഒരു രൂപ ചെലവിടാനായി നീക്കി വെക്കുമ്പോള്‍ അതില്‍ 24 പൈസയും വിവിധ മേഖലയില്‍ നിന്നുള്ള വായ്പയാണ്. എന്നുവെച്ചാല്‍ മൊത്തം വരവിന്റെ നാലില്‍ ഒന്നും പ്രതീക്ഷിക്കുന്നത് വായ്പയില്‍ നിന്നാണെന്നര്‍ഥം. ഒരു രൂപ ചെലവിടുമ്പോള്‍ 20 പൈസ പലിശയടവിനാണെന്നത് മറ്റൊരു വസ്തുത. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു രൂപയില്‍ 63 പൈസയാണ് പ്രത്യക്ഷ പരോക്ഷ നികുതികളില്‍ നിന്ന് ലഭിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം അത് 62 പൈസയായി കുറയും. അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ അവതരിപ്പിച്ച ബജറ്റ് പ്രകാരം 2015-16 വര്‍ഷത്തേക്കുള്ള അറ്റ വായ്പ 4.56 ലക്ഷം കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 4.53 ലക്ഷം കോടിയായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍ ഒരു രൂപയില്‍ നിന്ന് 20 പൈസയായിരുന്നു പോയിരുന്നത്. 2015-16 സാമ്പത്തിക വര്‍ഷം അത് 11 പൈസയായിരിക്കും. പ്രതിരോധ മേഖലക്കുള്ള വിഹിതം നടപ്പ് വര്‍ഷം 10 പൈസയായിരുന്നത് 2015-16ല്‍ 11 പൈസയായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് കോര്‍പറേറ്റ് ടാക്‌സ് ആയിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി അതിന്റെ നിരക്ക് കുറച്ചതോടെ അതിന്റെ ഒരു രൂപയിലെ വിഹിതം 20 പൈയായി കുറയും. സേവന നികുതിയിനത്തില്‍ 10 പൈസയായിരുന്നു നടപ്പ് വര്‍ഷം ലഭിച്ചത്. ഇത് വരുന്ന വര്‍ഷം ഒന്‍പത് പൈസയായി കുറയുമെന്നാണ് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇത് വിരോധാഭാസമാണ്. കാരണം അരുണ്‍ ജെയ്റ്റ്‌ലി സേവന നികുതി നിരക്ക് 12.36 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നിരക്ക് കൂടിയിട്ടും വരുമാനം കുറയുന്നുണ്ടെങ്കില്‍ അതിനര്‍ഥം കൂടുതല്‍ പേര്‍ ഇളവുകള്‍ നേടുമെന്ന് തന്നെയാണ്.
2014-15ല്‍ ആദായ നികുതിയിനത്തില്‍ 13 പൈസ ലഭിച്ചിടത്ത്, അടുത്ത സാമ്പത്തിക വര്‍ഷം 14 പൈസ ലഭിക്കും. നികുതി വലയിലേക്ക് കൂടുതല്‍ വ്യക്തികള്‍ വരുമെന്നര്‍ഥം. പരോക്ഷ നികുതി മേഖലയില്‍ എക്‌സൈസ്, കസ്റ്റംസ് ഇനത്തിലാണ് സര്‍ക്കാര്‍ 19 പൈസ നേടുന്നത്. പ്രതീക്ഷിത മൊത്തം നികുതി വരുമാനം 14,49,490 കോടിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. ഇതില്‍ 5,23,958 കോടി സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമാണ്. കേന്ദ്ര സര്‍ക്കാറിന്റെ വിഹിതം 9,19,842 കോടി രൂപയായിരിക്കും. നികുതിയേതര മേഖലയില്‍ നിന്നുള്ള പ്രതീക്ഷിത വരുമാനം 2,21,733 കോടിയാണെന്നും ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പോലുള്ള നികുതിയേതര വിഭാഗത്തില്‍ നിന്ന് ഒരു രൂപാ കണക്കില്‍ 20 പൈസയാണ് പ്രതീക്ഷിക്കുന്നത്.

Latest