Connect with us

Kerala

സമരവും തര്‍ക്കവും: കൊച്ചി മെട്രോ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാകില്ലെന്ന് ഡി എം ആര്‍ സി

Published

|

Last Updated

കൊച്ചി: തുടര്‍ച്ചയായ ക്വാറി സമരങ്ങളും യൂനിയന്‍ തര്‍ക്കങ്ങളും കാരണം മെട്രോ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറുന്നതായി കരാറുകാര്‍ ഡി എം ആര്‍ സിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കൊച്ചി മെട്രോ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 2016ല്‍ പൂര്‍ത്തിയാകില്ലെന്ന് ഡി എം ആര്‍സി പത്രകുറിപ്പില്‍ അറിയിച്ചു.
തുടര്‍ച്ചയായ ക്വാറി സമരങ്ങളും യൂനിയന്‍ തര്‍ക്കങ്ങളും പദ്ധതി വൈകിക്കുകയാണെന്നും സമരം മൂലം മെറ്റല്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പണി നിര്‍ത്തിവെക്കാന്‍ കരാറുകാര്‍ ഒരുങ്ങുന്നതെന്നും ഡി എം ആര്‍ സി അധികൃതര്‍ പറഞ്ഞു. ഒരു ജില്ലയില്‍ മാത്രം നടത്തുന്ന സമരത്തിന് പിന്നില്‍ മെട്രോ നിര്‍മാണം അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യമുള്ളതായി സംശയിക്കുന്നുവെന്നും ഡി എം ആര്‍സി പത്രകുറിപ്പില്‍ ആരോപിക്കുന്നു. മെട്രോ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി തങ്ങളുടെ ആവശ്യങ്ങള്‍ നേടാനുള്ള സമ്മര്‍ദ തന്ത്രമാണ് ജില്ലയിലെ ക്വാറിയുടമകള്‍ പയറ്റുന്നതെന്ന ആക്ഷേപവും ശക്തമാണ്. ക്വാറി സമരം സമീപ ജില്ലകളില്‍ പിന്‍വലിച്ചെങ്കിലും എറണാകുളം ജില്ലയിലെ ക്വാറിയുടമകള്‍ സമരം തുടരുകയാണ്. സമീപ ജില്ലകളില്‍ നിന്നു മെറ്റലെത്തിക്കാനുള്ള കരാറുകാരുടെ നീക്കം ജില്ലയിലെ ക്വാറിയുടമകള്‍ തടസ്സപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് കരാറുകാര്‍ സിവില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തി വെക്കാനൊരുങ്ങുന്നതായി ഡി എം ആര്‍ സിയെ അറിയിച്ചത്.
നിര്‍മാണത്തിനാവശ്യമായ മെറ്റല്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പദ്ധതിയുടെ ആദ്യ രണ്ടു റീച്ചുകളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കോണ്‍ക്രീറ്റ് ജോലികള്‍ നിലച്ചിരുന്നു. മെട്രൊയുടെ ആദ്യ റീച്ചായ ആലുവ മുതല്‍ കളമശ്ശേരി വരെയുള്ള ഭാഗത്തും രണ്ടാം റീച്ചായ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്തുമാണ് മെറ്റല്‍ ക്ഷാമം അതിരൂക്ഷമായത്. 400 മെട്രിക് ടണ്‍ മെറ്റലാണ് ഇവിടെ ദിവസേന നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ 12നാണ് സംസ്ഥാനത്ത് മെറ്റല്‍ ക്വാറികള്‍ സമരം ആരംഭിച്ചത്.
കരുതലുണ്ടായിരുന്ന മെറ്റല്‍ ഉപയോഗിച്ച് നിര്‍മാണം മുന്നോട്ടു കൊണ്ടു പോകാന്‍ കരാര്‍ കമ്പനികള്‍ ശ്രമിച്ചിരുന്നെങ്കിലും സമരം നീണ്ടതോടെ ഒന്നും രണ്ടും റീച്ചുകളില്‍ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ആലുവ മുതല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്തെ നിര്‍മാണ ചുമതല എല്‍ എന്‍ ടിക്കാണ്. പട്ടിമറ്റത്തിനു സമീപത്തെ മൂന്നു ക്വാറികളില്‍ നിന്നാണ് എല്‍ എന്‍ ടി നിര്‍മാണത്തിനാവശ്യമായ മെറ്റല്‍ വാങ്ങിയിരുന്നത്. എന്നാല്‍ സമരം ശക്തമായതോടെ ഇവിടുത്തെ മെറ്റല്‍ ഉത്പാദനം നിര്‍ത്തി.
ആലുവ മുതല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് 12 സ്റ്റേഷനുകളാണ് മെട്രൊ പദ്ധതിയില്‍ പൂര്‍ത്തീകരിക്കേണ്ടത്. ഇതില്‍ തര്‍ക്കങ്ങള്‍ പൂര്‍ത്തിയാകാത്ത മുട്ടം യാര്‍ഡ് ഒഴികെയുള്ള 11 സ്റ്റേഷനുകളുടെയും പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Latest