Connect with us

Ongoing News

ഭീകരതക്ക് സാഹചര്യമൊരുക്കുന്നവരെ മാതൃകാപരമായി നേരിടണം: കാന്തപുരം

Published

|

Last Updated

താജുല്‍ഉലമ നഗര്‍ (കോട്ടക്കല്‍): ഇസില്‍ ഭീകരവാദി കള്‍ക്ക് ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കാന്‍ തന്നെ അര്‍ഹതയില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഈ ഭീകരപ്രവര്‍ത്തനങ്ങളുമായി ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ഒരു ബന്ധവുമില്ല. ഭീകര പ്രവര്‍ത്തനത്തിലൂടെയോ ജനങ്ങളെ ഭീതിപ്പെടുത്തിയോ അല്ല പ്രവാചകരും അനുചരരും പ്രബോധനം നടത്തിയത്. അതിരുകളില്ലാത്ത ക്രൂരതകളിലൂടെ ഭീകരത ആഘോഷിക്കുന്നവര്‍ ഇരുളടഞ്ഞ ഭാവിയും അപകടകരമായ സന്ദേശവുമാണ് ലോകത്തിനു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ഐ എസ് പോലുള്ള സംഘടനകള്‍ക്ക് ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കാന്‍ ഒരു നിലക്കും അര്‍ഹതയില്ല. മതത്തിന്റെ സല്‍പേര് നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ലിബിയയില്‍ ക്രിസ്തീയ തൊഴിലാളികളെ ഒന്നിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊന്നത് പോലുള്ള കിരാത പ്രവൃത്തികളെ മുസ്‌ലിംകള്‍ക്ക് ഒരുനിലക്കും ന്യായീകരിക്കാനാവില്ല.
അറബ് മുസ്‌ലിം രാജ്യങ്ങളെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് ഈ ഭീകരവാദികള്‍ നടത്തുന്നത്. മുസ്‌ലിം ലോകത്തിന്റെ പുരോഗതിക്കും പുനര്‍നിര്‍മാണത്തിനും ചെലവഴിക്കേണ്ട വിഭവശേഷി വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നില്‍. ഇസ്‌ലാമിന് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത ഈ ഭീകരപ്രവര്‍ത്തനങ്ങളെ പണ്ഡിതലോകം തള്ളിപ്പറഞ്ഞതാണ്. യുനെസ്‌കോ പൈതൃകനഗരമായി പ്രഖ്യാപിച്ച തിംബുക്തുവിലെ ചരിത്രസ്മാരകങ്ങളും മഖ്ബറകളും ലൈബ്രറികളും തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് ചില സലഫി സംഘങ്ങളാണെന്ന് മാധ്യമങ്ങളെഴുതി. നമ്മുടെ രാജ്യം ലോകത്തേറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ഇന്ത്യയുടെ മതനിരപേക്ഷസ്വഭാവം നിലനിര്‍ത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. പ്രത്യേകിച്ച് ഭരിക്കുന്ന സര്‍ക്കാറുകള്‍ക്ക്. എല്ലാ മതവിശ്വാസങ്ങളെയും ഉള്‍കൊണ്ട രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ചരിത്രവും സംസ്‌കാരവും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ശക്തമായി നേരിടേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഇന്ത്യയെ ലോകം ഉറ്റുനോക്കുന്നത് നമ്മുടെ മതമൈത്രിയും മതസഹിഷ്ണുതയും കൊണ്ടാണെന്ന കാര്യം ഭരണകൂടങ്ങള്‍ മറക്കരുത്. ഈ രാജ്യത്തെ ഓരോ പൗരനോടും നീതി പുലര്‍ത്തല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്. ഭരണകൂടങ്ങള്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ പരിഗണിക്കണം. ഈ രാജ്യത്തിന്റെ സമാധാനത്തിനും സൗഹൃദത്തിനും വേണ്ടിയാണ് പണ്ഡിതന്മാര്‍ നിലകൊള്ളുന്നതെന്ന വസ്തുത ഭരണകൂടങ്ങള്‍ മറക്കാന്‍ പാടില്ല. രാഷ്ട്രീയ വിഭാഗീയതകള്‍ ഒരിക്കലും പരസ്പര സംഘര്‍ഷത്തിലേക്കും കൊലപാതകങ്ങളിലേക്കും എത്തരുത്. ചെറിയ പ്രശ്‌നങ്ങള്‍ പോലും വര്‍ഗീയ ചേരിതിവുണ്ടാക്കുന്ന തരത്തിലേക്കു നീങ്ങിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. അക്രമികളെ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂട്ടുനില്‍ക്കരുത്. രാജ്യത്തിന്റെ പൊതു നന്മക്കു വേണ്ടി നമുക്കെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത് പിന്നാക്കാവസ്ഥ മറികടക്കുന്നതിന് നമുക്ക് സംവരണം വേണം. സമുദായത്തിലെ സമ്പന്നര്‍ സമ്പത്ത് ധൂര്‍ത്തടിക്കരുത്. ഭൗതികാതിപ്രസരത്തില്‍ നമ്മള്‍ ഉത്തരവാദിത്തങ്ങള്‍ മറന്നുപോകരുത്. കേരളത്തിലും പുറത്തും വിദ്യാഭ്യാസരംഗത്ത് വലിയ ഉത്തരവാദിത്തമാണ് നമ്മള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ഇത് നമ്മള്‍ ഗൗരവതരമായി കാണണം. എസ് വൈ എസിന്റെ കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ ഈയൊരു പാതയിലേക്കുള്ള പ്രയാണമായിരുന്നു. മര്‍കസ് മാതൃകയിലുള്ള വലിയ സ്ഥാപനങ്ങള്‍ എസ് വൈ എസിന്റെ സംഭാവനയാണ്. സമര്‍പ്പിത യൗവനം സാര്‍ത്ഥക മുന്നേറ്റം എന്ന അറുപതാം വാര്‍ഷിക സമ്മേളന പ്രമേയത്തിലൂടെ യുവജനങ്ങളെ സമൂഹനന്മക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വലിയ പദ്ധതികളാണ് എസ് വൈ എസ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും കാന്തപുരം പറഞ്ഞു.

Latest