Connect with us

National

പ്രതിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിന് പിന്നില്‍ നാഗാ തീവ്രവാദികളും പോലീസുമെന്ന് സഹോദരന്‍

Published

|

Last Updated

ഗുവാഹത്തി/ ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ ബലാത്സാംഗക്കേസിലെ പ്രതിയെ രോഷാകുലരായ ജനക്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി തല്ലിക്കൊന്ന സംഭവത്തിനു പിന്നില്‍ നാഗാ തീവ്രവാദികളും പോലീസുമാണെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍. ബംഗ്ലാദേശ് കുടിയേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന നാഗാ തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നും അക്രമികള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകായിരുന്നുവെന്നും കൊല്ലപ്പെട്ട സയ്യിദ് ഫരീദ് ഖാന്റെ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനലും രംഗത്തെത്തി. ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഫരീദ് ഖാനെ രോഷാകുലരായ ജനക്കൂട്ടം ജയില്‍ തകര്‍ത്ത് പുറത്തിറക്കിയ ശേഷം തല്ലിക്കൊന്ന് ക്ലോക്ക്ടവറില്‍ കെട്ടിത്തൂക്കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറക്കി നഗ്നനായി നടത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയയാളാണ് ഫരീദ്ഖാനെന്ന വാദവും സഹോദരന്‍ തള്ളി. അസമിലെ കരീംഗഞ്ചിലുള്ള ബോസ്‌ല ഗ്രാമമാണ് തങ്ങളുടെ ജന്മദേശമെന്ന് സഹോദരന്‍ പറയുന്നു. ഫരീദിന്റെ പിതാവ് കരസേനയുടെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഇരുപത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചയാളാണ്. താനും മറ്റൊരു സഹോദരനായ കമാലുദ്ദീനും കരസേനയുടെ അസം റജിമെന്റില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ജമാലുദ്ദീന്‍ ഖാന്‍ വ്യക്തമാക്കി. ഫരീദ് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരനാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജനക്കൂട്ടത്തിലെ ഓരോ വ്യക്തിയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകള്‍ ഇന്ന് ബരാക് താഴ്‌വരയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെയും നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗിന്റെയും കോലം കത്തിച്ചു.
അതേസമയം, ഫരീദ് ഖാന്റെ കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, സീനിയര്‍ പോലീസ് സൂപ്രണ്ട്, സീനിയര്‍ ജയില്‍ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജിയെ ഏകാംഗ കമ്മീഷനായി ഗവര്‍ണര്‍ നിയമിച്ചു.