Connect with us

Kerala

അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; നിര്‍ണായകമാവും

Published

|

Last Updated

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ വിയോഗത്തെത്തുടര്‍ന്ന് അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാകും. നിയമസഭയുടെ കാലാവധി ആറുമാസമെങ്കിലും അവശേഷിക്കേ നിയമസഭാംഗം അന്തരിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. നിയോജക മണ്ഡലത്തിലെ ഒഴിവ് സര്‍ക്കാര്‍ ഔദ്യോഗികമായി സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിക്കുകയും അവിടെ നിന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷനിലേക്ക് അറിയിപ്പ് പോകുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് മറ്റ് ഉപതിരഞ്ഞെടുപ്പുകളുടെ സമയക്രമം അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയം നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് ഒക്‌ടോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പോ അതിനൊപ്പമോ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
1991, 1996, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ ആര്യനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ വിജയം നേടിയ ജി കാര്‍ത്തികേയന്‍ 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് തന്റെ തട്ടകം അരുവിക്കരയിലേക്ക് മാറ്റിയെങ്കിലും ജനകീയനായ നേതാവെന്ന നിലയില്‍ 2011ലും വിജയം അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു. ആര്‍ എസ് പിയുടെ കരുത്തരായ നേതാക്കളായ പങ്കജാക്ഷന്‍, ചന്ദ്രചൂഡന്‍ തുടങ്ങിയവരെ പരാജയപ്പെടത്തിയ കാര്‍ത്തികേയന്‍ 2011ല്‍ അമ്പലത്തറ ശ്രീധരന്‍നായരെ പരാജയപ്പെടുത്തിയാണ് വിജയം ആവര്‍ത്തിച്ചത്. സ്വന്തം നിയോജകമണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുവട്ടം വിജയം ഉറപ്പിച്ച നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് നടത്തുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടുക എന്നത് യു ഡി എഫിനും എല്‍ ഡി എഫിനും ഒരു പോലെ നിര്‍ണായകമാകും.
ആര്‍ എസ് പി സ്ഥാനാര്‍ഥി മത്സരിച്ച് പരാജയപ്പെട്ടിരുന്ന സീറ്റ് തിരികെ പിടിക്കാനാകും എല്‍ ഡി എഫ് ശ്രമിക്കുക. എല്‍ ഡി എഫിലുണ്ടായിരുന്ന ആര്‍ എസ് പി മുന്നണി വിട്ട് യു ഡി എഫില്‍ ചേക്കേറിയതിനാല്‍ ഇക്കുറി അരുവിക്കരയിലെ മത്സരം പതിവിലും വ്യത്യസ്തവും വാശിയേറിയതുമാകും. ആര്‍ എസ് പിയുടെ അഭാവത്തില്‍ അരുവിക്കരയില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ഥി തന്നെയാകും യു ഡി എഫ് സ്ഥാനാര്‍ഥിയെ നേരിടുക. ഇതുവരെ തങ്ങളുടെ തട്ടകമായിരുന്ന അരുവിക്കര മണ്ഡലത്തിനായി യു ഡി എഫിനുള്ളില്‍ ആര്‍ എസ് പി അവകാശവാദമുന്നയിച്ചാലും തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല.
എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ സി പി എം സ്ഥാനാര്‍ഥിയായ എ സമ്പത്തിന് വോട്ടു കൂടുതല്‍ ലഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഈ ഉപതിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാകും.

Latest